അന്പലപ്പുഴ: റോഡരികിന്റെ പൊക്ക വ്യത്യാസം മൂലം അപകടങ്ങൾ നിത്യസംഭവമാകുന്നു. ദേശീയപാതയിൽ പുന്നപ്ര കപ്പക്കട മുതൽ അറവുകാട് വരെയുള്ള ഭാഗത്താണ് അപകടം നിത്യസംഭവമായി മാറിയിരിക്കുന്നത്.
ഇന്നലെ രാവിലെ ആറോടെ നെടുന്പാശേരിയിൽ നിന്നും വരുകയായിരുന്ന ഹരിപ്പാട് വിഷ്ണുവിഹാറിൽ അശ്വിനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. എതിരെ വന്ന ലോറി പെട്ടെന്നു പെട്രോൾ പന്പിലേക്കു തിരിച്ചപ്പോൾ കാർ സൈഡിലേക്കൊതുക്കിയപ്പോൾ റോഡരുകിന്റെ പൊക്ക വ്യത്യാസംമൂലം താഴേക്കു തെന്നി വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
വൈദ്യുതി കന്പി കാറിനു മുകളിൽ പൊട്ടിവീണെങ്കിലും അശ്വിനും കുടുംബവും രക്ഷപെട്ടു. സൈക്കിൾ, ബൈക്ക് യാത്രക്കാരും ഇവിടെ വീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തടിയും കയറ്റി വരുന്ന ലോറികൾ പല പ്രാവശ്യം ഈ ഭാഗത്ത് മറിഞ്ഞിട്ടുണ്ട്. അരികിൽ പൂഴി നിരത്തി ഈ ഭാഗം പൊക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.