വടക്കഞ്ചേരി: നിർമാണപ്രവൃത്തികൾ നിർത്തിവച്ച വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയോരങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി.
പാതയോരങ്ങളെല്ലാം പൊന്തക്കാട് നിറഞ്ഞതോടെ മാലിന്യം തള്ളാനും സൗകര്യമാണിപ്പോൾ. വലിയ ചാക്കുകളിലാക്കിയും ലോറികൾ വശത്തേക്ക് ചേർത്തിയിട്ടുമാണ് എല്ലാവിധ മാലിന്യം തള്ളുന്നത്.
അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മാലിന്യം തള്ളുന്നതും ഇവിടെയാണ്. കന്പനികളിൽനിന്നുള്ള വേയ്സ്റ്റ് മെറ്റീരീയൽ, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങി മണ്ണിൽ ലയിച്ച് ചേരാത്ത പരിസ്ഥിതിക്കു ദോഷംചെയ്യുന്ന മാലിന്യങ്ങളാണ് കൂടുതലും.
കടകളോ വീടുകളോ ഇല്ലാത്ത പ്രദേശങ്ങളിൽ ടാർ റോഡിനോട് ചേർന്നുതന്നെ മാലിന്യം തള്ളുന്ന സ്ഥിതിയുമുണ്ട്. ഇത് വാഹനങ്ങൾക്കും ഭീഷണിയാകുകയാണ്.