സ്വന്തംലേഖകൻ
തൃശൂർ: അപകടങ്ങൾ ഒഴിവാക്കാനായി സംസ്ഥാനത്ത് ബോധവൽക്കരണം നടത്തുന്നതിന് ചെലവാക്കിയത് 184,45,095028 രൂപ. 2010 മുതൽ 2018 വരെ എട്ടു വർഷത്തേക്കാണ് ഇത്രയും തുക ബോധവൽക്കരണത്തിനായി ചെലവാക്കിയത്. എന്നാൽ ഈ കാലഘട്ടത്തിൽ 2011 മുതൽ 2018 ഡിസംബർ വരെ മണ്ണുത്തി കറുകുറ്റി നാലുവരി പാതയിൽ മാത്രം ഉണ്ടായത് 2756 അപടങ്ങൾ. ഇതിൽ മരിച്ചത് 537 പേരാണ്.
ബോധവൽക്കരണത്തിനായി ചെലവാക്കിയ കോടികൾ റോഡുകളുടെ അശാസ്ത്രീയമായ നിർമാണം പരിഹരിക്കാനും അടിപ്പാത നിർമിക്കാനും ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും അപകടങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. ഇപ്പോഴും ബോധവൽക്കരണത്തിനായി ചെലവാക്കുന്നത് കോടികളാണ്. എന്നാൽ റോഡ് സുരക്ഷയ്ക്കുള്ള നടപടികൾക്ക് ചെലവാക്കാൻ പണവും അനുവദിക്കുന്നില്ല.
തൃശൂർ ജില്ലയിൽ റോഡുകളിലെ കുഴികളിൽ വീണ് പത്തു പേരാണ് കൊല്ലപ്പെട്ടത്. 2007ൽ റോഡ് സുരക്ഷ ആക്ട് നിലവിൽ വന്നതോടെ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലും പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ ജില്ലകളിലും കളക്ടർ ചെയർമാനും, ജില്ലാ പോലീസ് കമ്മീഷണർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ, നാഷണൽ ഹൈവേ അതോറിറ്റി എൻജിനിയർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരടങ്ങളുന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.
വർഷത്തിൽ രണ്ടു തവണ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിൽ യോഗം കൂടണമെന്നാണ് റോഡ് സേഫ്റ്റി റൂൾ നിയമ വ്യവസ്ഥ. എന്നാൽ അപകടങ്ങൾ വർധിക്കുന്നതുകൊണ്ട് മാസത്തിൽ ഒരിക്കൽ യോഗം കൂടണമെന്ന് ജില്ലാ കളക്ടർമാർക്ക് രേഖാമൂലം ഉത്തരവ് നൽകിയിട്ടുണ്ടത്രേ.
ഇത്തരത്തിൽ ഉത്തരവുണ്ടായിട്ടും 2015 മുതൽ 2018 വരെ ആകെ ഏഴു യോഗങ്ങൾ മാത്രമാണ് തൃശൂരിൽ കൂടിയിട്ടുള്ളതെന്ന് മനുഷ്യാവകാശ സംഘടന സെക്രട്ടറി പി.ബി.സതീഷിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. 24 യോഗങ്ങൾ കൂടിയിട്ടില്ലെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. റോഡ് സുരക്ഷാ കൗണ്‍സിൽ കാര്യക്ഷമമായി പ്രവർത്തിക്കാതെ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.