ഇങ്ങനെയും റോഡ് ടാര്‍ ചെയ്യാം! നടുറോഡില്‍ വൈദ്യുതി പോസ്റ്റ് നിലനിര്‍ത്തി ടാറിംഗ്; സോഷ്യല്‍ മീഡിയയില്‍ ‘വൈറലാ”യപ്പോള്‍ പരിഹാരം

road-taringആലുവ: നടുറോഡില്‍ വൈദ്യുതി പോസ്റ്റ് നിലനിര്‍ത്തിയുള്ള ടാറിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ പരിഹാരം ഉടനടി. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡിലാണ് നടുറോഡില്‍ വൈദ്യുതി പോസ്റ്റ് നിലനിര്‍ത്തി ടാറിംഗ് നടത്തിയത്. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ പെരുകിയതിനെ തുടര്‍ന്ന് പോസ്റ്റ് സൈഡിലേക്കു മാറ്റി സ്ഥാപിക്കാന്‍ ഉടന്‍ നടപടിയായി.

കീഴ്മാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പറോട്ടില്‍ ലിങ്ക് റോഡിലായിരുന്നു ഈ വിചിത്ര സംഭവം. എംഎല്‍എ ഫണ്ടില്‍ നിന്നും മുന്‍ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ലിങ്ക്‌റോഡ് നിര്‍മിച്ചത്.  കഴിഞ്ഞയാഴ്ചയായിരുന്നു ടാറിംഗ്. ടാറിംഗ് പൂര്‍ത്തിയായപ്പോള്‍ വൈദ്യുതി പോസ്റ്റ് മധ്യഭാഗത്തായി.

നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ ഉത്തരവാദിത്വം കെഎസ്ഇബിയുടെ തലയില്‍ വച്ച് ഒഴിഞ്ഞുമാറാനായി ശ്രമം. പോസ്റ്റ് നീക്കിയ ശേഷം ടാറിംഗ് നടത്തിയാല്‍ മതിയെന്ന വാദം അംഗീകരിച്ചില്ല. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടാറിംഗിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രചരിപ്പിച്ചു.അതോടെ പഞ്ചായത്ത് അധികൃര്‍ക്ക് നാണക്കേടായി. ഇന്നലെ അവധി ദിനമായിട്ടും നിര്‍ബന്ധപൂര്‍വം കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പോസ്റ്റ് മാറ്റാന്‍ നടപടിയെടുത്തു.

Related posts