കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരണപ്രവൃത്തികൾ നടന്ന കക്കടാശേരി മുതൽ കോതമംഗലം വരെയുള്ള റോഡ് ടാറിംഗ് അശാസ്ത്രീയവും നിലവാരക്കുറവുമെന്ന് ആക്ഷേപം. വേണ്ടത്ര ടാറും മെറ്റലും ചേർക്കാത്തതിനാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് തകരുമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
ആവശ്യമുള്ള ഭാഗങ്ങളിൽ ഓട നിർമിക്കാത്തതിനാൽ ശക്തമായ മഴയിൽ റോഡിലൂടെ വെള്ളമൊഴുകുന്നതു ഗതാഗതക്കുരുക്കിനു കാരണമാകുന്നു. നിർമാണഘട്ടത്തിൽതന്നെ ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നെങ്കിലും അവർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കരാറുകാരന്റെ തന്നിഷ്ടപ്രകാരം നിർമാണജോലികൾ നടത്താൻ അനുവദിച്ചുവെന്നും ആക്ഷേപമുണ്ട്.
റോഡിന്റെ വശത്തെ കട്ടിംഗും വാഹനങ്ങൾക്ക് ഭീഷണിയാണ്. ഒന്നര അടിവരെ താഴ്ചയുള്ള കട്ടിംഗുകളുണ്ട്. ഇരുചക്രവാഹനങ്ങൾക്കാണ് ഇതേറെ ഭീഷണി സൃഷ്ടിക്കുന്നത്. റോഡിന്റെ ടാറിംഗിനുശേഷം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. നിർമാണ പ്രവൃത്തികളെക്കുറിച്ച് അന്വേഷണം വേണമെന്നും അപാകതകൾ പരിഹരിക്കണമെന്നുമാണു ജനങ്ങളുടെ ആവശ്യം.