ബിജു ഇത്തിത്തറ
കടുത്തുരുത്തി: വർഷങ്ങളായി തകർന്ന് കിടന്ന റോഡ് നന്നാക്കി കുടുംബയോഗ കൂട്ടായ്മയുടെ നന്മ മനസ്. എച്ച്എൻഎൽ-മൂർക്കാട്ടിൽപടി റോഡാണ് കാരിക്കോട് കാരാമ്മേൽ കുടുംബയോഗ കൂട്ടായ്മ പുനരുദ്ധരിക്കുന്നത്. കുടുംബ കൂട്ടായ്മയുടെ ഈപ്രാവിശ്യത്തെ വാർഷികത്തോടനുബന്ധിച്ചുള്ള സേവനപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് റോഡ് പുനർനിർമാണം നടപ്പാക്കുന്നതെന്ന് കുടുംബയോഗം ഭാരവാഹികൾ പറയുന്നു.
കുടുംബാംഗങ്ങളിൽ നിന്നും സമാഹരിച്ച പണമുപയോഗിച്ചു റോഡിന്റെ തകർന്ന ഭാഗങ്ങളിൽ മെറ്റലിംഗും ടാറിംഗും നടത്തിയാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്. എച്ച്എൻഎൽ ന്റെ ഉടമസ്ഥതയിലുള്ള ഈ റോഡ് സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് അറ്റകുറ്റ പണികൾ നടത്തി ഗതാഗതയോഗ്യമാക്കുന്നത് കന്പനിക്ക് സാധിക്കാതെ വന്നതോടെയാണ് തകർച്ചയിലായത്.
സർക്കാർ ഫണ്ടുകൾ എച്ച്എൻഎൽ ന്റെ അധീനതയിലുള്ള റോഡിൽ ചിലവഴിക്കുന്നതിന് നിയമതടസമുണ്ടാക്കുകയും ചെയ്തതോടെയാണ് കുടുംബയോഗത്തിന് റോഡിൽ ടാറിംഗ് നടത്താനുള്ള അനുമതി നൽകിയത്.
കുടുംബയോഗം പ്രസിഡന്റ് ജോർജ് പത്രോസ് കാരാമ്മേൽ പന്നിക്കോട്ടിൽ, വൈസ് പ്രസിഡന്റ് വി.പി. പൗലോസ്, സെക്രട്ടറി റെജി കെ. ജോണ്, ജോയിന്റ് സെക്രട്ടറി ഷിബു കെ. ചാക്കോ, ട്രഷറർ ജോണ് തോമസ്, അബു മാത്യു കോയിക്കൽ, പ്രഫ ജോറി മാത്യു കോയിക്കൽ, രാജു അബ്രാഹം പാലക്കുന്നേൽ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം ജാൻസി രാജു, ബേബി കോയിക്കൽ, എം.ബി. രാജു, അബ്രാഹം വണ്ടാനനിരപ്പേൽ, അശ്വിൻ കോയിക്കൽ, ബേസിൽ വണ്ടാനനിരപ്പേൽ, കുരുവിള കുര്യാക്കോസ് കാരാമേൽ തുടങ്ങിയവർ റോഡിലെ അറ്റകുറ്റ പണികൾക്ക് നേതൃത്വം നൽകി.