വടക്കഞ്ചേരി: കുതിരാൻ ഉൾപ്പെടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പാതാളക്കുഴികൾ തത്കാലത്തേങ്കിലും അടച്ചതിന്റെ ആശ്വാസത്തിലാണ്ദേശീയപാതയിലൂടെ വാഹനം ഓടിക്കുന്നവരെല്ലാം. ആറുമാസത്തോളം കുഴികളിൽ ചാടിയും കുരുക്കിൽ കുടുങ്ങിയും കഷ്ടപ്പെട്ടതിന്റെ കഥകളുണ്ട് ഓരോരുത്തർക്കും പറയാൻ.
കുതിരാനിൽ ഒന്നും ഒന്നരയും ദിവസം നീണ്ട വാഹനക്കുരുക്ക് ഉണ്ടായിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകളോ രാഷ്ട്രീയപാർട്ടികളോ ജനപ്രതിനിധികളോ മന്ത്രിമാരോ കാര്യമായ ഇടപെടലുകൾ നടത്താതായപ്പോൾ ജനാധിപത്യ ഭരണസംവിധാനങ്ങളെല്ലാം ജനങ്ങൾ വെറുക്കുന്ന സ്ഥിതിയുണ്ടായി.
തങ്ങളുടെ വേദനകൾ ആരോടു പറയുമെന്ന ആശയക്കുഴപ്പം യാത്രക്കാരിൽ സൃഷ്ടിച്ചു. കുതിരാൻ ജനകീയപ്രതിഷേധ കൂട്ടായ്മ എന്ന പേരിൽ കുറച്ചു ചെറുപ്പക്കാർ ഗാന്ധിയൻ സമരമുറകളുമായി രംഗത്തു വന്നപ്പോൾ അതിനു പിന്തുണയുമായി മുപ്പതോളം സംഘടനകളും വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങളുമെല്ലാം രംഗത്തെത്തി.
അധ്യാപകരും രക്ഷിതാക്കളുമെല്ലാം സമരപന്തലിലേക്ക് പ്രവഹിച്ചു. ഒടുവിലാണ് എംപിമാർ ഇടപെടലുകൾ ശക്തമാക്കി കുഴിയടയ്ക്കലെങ്കിലും അടിയന്തിരമായി നടത്തണമെന്ന സമ്മർദങ്ങളുമായി നാഷണൽ ഹൈവേ അഥോറിറ്റിയെ സമീപിച്ചത്.കുഴിയടച്ചതിന് ദീർഘായുസില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അടുത്ത മഴക്കാലം വരെയെങ്കിലും കുഴികളിൽ ചാടാതെ പോകാമെന്ന പ്രതീക്ഷയിലാണ് ദേശീയപാതയിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിനു വാഹനങ്ങൾ.