കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ചേർന്ന് ഇന്നലെ ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ നടത്തിയ വഴി തടയൽ സമരത്തിൽ പങ്കെടുത്തവർക്കെതിരേ കേസ്. ജില്ലയിലെ 600 പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ന്യായ വിരോധമായി സംഘം ചേരൽ, മാർഗ തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
കോട്ടയം, ചങ്ങനാശേരി, പാലാ, വൈക്കം, പൊൻകുന്നം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ വഴി തടഞ്ഞാണ് സമരം നടത്തിയത്. സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കും സമരം നയിച്ചവർക്കും പങ്കെടുത്തവർക്കുമെതിരേയാണ് കേസ്. ഇന്നലത്തെ സമരത്തിൽ എംസി റോഡ് അടക്കമുള്ള ജില്ലയിലെ മിക്ക റോഡുകളിലും വാഹന ഗതാഗതം തടസപ്പെട്ടു.
മിക്കയിടത്തും സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധിയിൽ പ്രതിഷേധിച്ചായിരുന്നു വഴിതടയൽ സമരം.