കൊച്ചി: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുമായി ബന്ധപ്പെട്ട പരാതികളില്‍ പൊതുമരാമത്തു വകുപ്പിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും എന്‍ജിനിയര്‍മാര്‍ക്കു വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും മികച്ച റോഡുകളുണ്ടാക്കാനും കഴിയുന്നില്ലെങ്കില്‍ എന്തിനാണ് എന്‍ജിനിയര്‍മാരെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍, റോഡുകള്‍ സംരക്ഷിക്കാനായില്ലെങ്കില്‍ എന്‍ജിനിയര്‍മാര്‍ രാജിവച്ചു പോകണമെന്നു നേരത്തേ സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു.
റോഡുകള്‍ തകര്‍ന്നു തരിപ്പണമാകുന്നതുവരെ എന്‍ജിനിയര്‍മാര്‍ എവിടെയാണെന്നു കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നുതുടങ്ങുന്ന ഘട്ടത്തില്‍തന്നെ അറ്റകുറ്റപ്പണികള്‍ക്ക് സമയമായെന്ന് എന്‍ജിനിയര്‍മാര്‍ അറിയേണ്ടേ?
റോഡുകള്‍ പൊളിയുന്നതു മഴ പെയ്യുന്നതുകൊണ്ടൊന്നുമല്ല. റോഡ് പൊളിഞ്ഞാല്‍ കാരണം പറയാന്‍ മഴയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് പലരും. പാലക്കാട്-ഒറ്റപ്പാലം റോഡ് നോക്കൂ. എത്ര വര്‍ഷമായി ഒരു പൊട്ടല്‍ പോലുമുണ്ടോ?
മലേഷ്യന്‍ എന്‍ജിനിയര്‍ നിര്‍മിച്ചതാണ്. മികച്ച റോഡു നിര്‍മിച്ച അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടിവന്നു. ഇവിടെ നൂറു രൂപയ്ക്ക് റോഡ് നിര്‍മിക്കാന്‍ കരാറുണ്ടാക്കിയാല്‍ പകുതിത്തുക പോലും റോഡിനുവേണ്ടി ചെലവിടുന്നില്ല.
എന്‍ജിനിയര്‍മാര്‍ അറിയാതെ ഇത്തരം അഴിമതികള്‍ നടക്കില്ല. ചില എന്‍ജിനിയര്‍മാര്‍ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ട്. രാത്രിയില്‍ കുഴിയില്‍ വീണു മരിക്കാതെ വീട്ടിലെത്തുമെന്ന ഉറപ്പുണ്ടാകണം. നമുക്കു വേണ്ടപ്പെട്ടവര്‍ ഇത്തരത്തില്‍ അപകടത്തില്‍ പെടുമ്പോള്‍ മാത്രമേ പ്രയാസമുണ്ടാകൂ.
ഇടുക്കി, വണ്ടിപ്പെരിയാര്‍, കരുനാഗപ്പള്ളി തുടങ്ങി പല മേഖലകളിലെ റോഡുകളെക്കുറിച്ചും പരാതി ലഭിച്ചിട്ടുണ്ട്.തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ കീഴിലുള്ള റോഡുകള്‍ നന്നാക്കാന്‍ കഴിയുന്നില്ലെങ്കില്‍ തദ്ദേശഭരണ വകുപ്പിനും ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ ഇന്നു വീണ്ടും പരിഗണിക്കും.