ആലപ്പുഴ: നഗരത്തിലെ പാലസ് വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ജനകീയ സമരവുമായി പൊതുജനങ്ങൾ രംഗത്തെത്തി. വാർഡിലെ മുക്കവലയ്ക്കൽ-കൊട്ടാരപ്പാലം, ചന്ദനക്കാവ്-പുതുപ്പറന്പ് ചിത്രാലയം, വലിയപറന്പ്-എസ്എൻഡിപി റോഡുകളാണ് വർഷങ്ങളായി അറ്റകുറ്റപ്പണി നടക്കാതെ തകർന്നു കിടക്കുന്നത്. പുനർനിർമാണം സമയബന്ധിതമായി നടക്കാത്തതാണ് പ്രശ്നത്തിനു കാരണം.
റോഡുകളുടെ പുനർനിർമാണം തുടങ്ങിയെങ്കിലും ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡുകൾ വെട്ടിപ്പൊളിച്ചതോടെയാണ് പ്രശ്നം സങ്കീർണമായത്. ടാറിംഗ് ഇളകി റോഡുകൾ പൂർണമായും തകർന്ന നിലയിലാണിപ്പോൾ. ടാറിംഗ് നടക്കാത്ത ഇടങ്ങളിലാണ് ഏറെ ദുരിതം. മഴവെള്ളം നിറഞ്ഞ് ചെളിയായ റോഡുകളിലൂടെ കാൽനടയാത്ര പോലും അസാധ്യമാണ്.
റോഡുകൾ തകർന്നതോടെ നിരവധി പ്രശ്നങ്ങളാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. വാഹനയാത്ര ദുഷ്കരമായതോടെ ഏറെ ബുദ്ധിമുട്ടുന്നത് സ്കൂൾ വിദ്യാർഥികളാണ്. സ്കൂൾ വണ്ടികൾ എത്താത്തതു മൂലം പലയിടങ്ങളിൽ നിന്നും കുട്ടികളെ വള്ളങ്ങളിൽ കയറ്റി ചുങ്കത്തെത്തിച്ചാണ് ബസ് കയറ്റി വിടുന്നത്. ഇതുമൂലം കുട്ടികൾ സ്കൂളിൽ എത്തുന്നത് വൈകിയാണ്.
തകർന്ന റോഡുകളിൽ മലിനജലം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ ആരോഗ്യ പ്രശ്നങ്ങളും തല പൊക്കാൻ തുടങ്ങി. പകർച്ചവ്യാധികൾ പിടിപെട്ടാൽ ആരോഗ്യപ്രവർത്തകർക്കു പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധമാണ് റോഡുകളുടെ സ്ഥിതി. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും കിടപ്പു രോഗികളും ഏറെയുള്ള പ്രദേശത്ത് പാലിയേറ്റീവ് പ്രവർത്തകർക്ക് വീടുകളിലേക്ക് എത്താൻ സാധിക്കുന്നില്ല. വെള്ളക്കെട്ടു മൂലം മരണാനന്തര കർമങ്ങൾക്ക് സ്ഥലം ഇല്ലെന്ന പരാതിയും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പള്ളാത്തുരുത്തി, പഴവീട് വാർഡുകളിലെ ജനങ്ങളും പാലസ് വാർഡിലെ ഈ റോഡുകളെ ആശ്രയിക്കുന്നുണ്ട്. പ്രളയം ഏറെ ബാധിച്ച പ്രദേശം കൂടിയാണിത്. എന്നിട്ടും രൂക്ഷമായ ഈ പ്രാദേശിക പ്രശ്നത്തിന്് പരിഹാരം കാണാൻ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം. റസിഡന്റ്സ് അസോസിയേഷന്േറയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ വകുപ്പു മന്ത്രി, നഗരസഭ ചെയർമാൻ, വാർഡ് കൗണ്‍സിലർ എന്നിവർക്ക് ജനങ്ങൾ പരാതി നൽകിക്കഴിഞ്ഞു.
ഇതിനു വേണ്ടത്ര ഫലം കാണാതെ വന്നതോടെയാണ് പ്രദേശവാസികൾ പ്രത്യക്ഷ സമരത്തിലേക്ക് എത്തിയത്. അതേസമയം നഗരസഭ അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച് റോഡുകളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞെന്നും കുടിവെള്ള പൈപ്പ് സ്ഥാപിക്കാനുള്ള താമസം മൂലമാണ് റോഡ് നിർമാണം വൈകുന്നതെന്നും കൗണ്‍സിലർ സി.എസ്. ഷോളി അറിയിച്ചു.
ചന്ദനക്കാവ്-പുതുപ്പറന്പ് റോഡിനായി എംഎൽഎ ഫണ്ടിൽ നിന്നും 40 ലക്ഷവും അനുവദിച്ചിട്ടുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ പൈപ് സ്ഥാപിക്കൽ ദുഷ്കരമാണ്. റോഡുകൾ കഴിവതും വേഗത്തിൽ പൂർത്തിയാക്കുമെന്നും സമരം രാഷ്്ട്രീയപ്രേരിതമാണെന്നും കൗണ്‍സിലർ പറഞ്ഞു.