പത്തനംതിട്ട: പുല്ലാട് – മല്ലപ്പള്ളി റോഡ് നവീകരണ പ്രവർത്തനങ്ങൾ വൈകുന്നതിനു പിന്നിൽ വിവിധ സർക്കാർ വകുപ്പുകളുടെ അനാസ്ഥയെന്ന് ആരോപണം.കേന്ദ്ര റോഡ്ഫണ്ടിൽ നിന്നനുവദിച്ച 15 കോടി രൂപ വിനിയോഗിച്ച് റോഡ് നിർമാണം പൂർത്തിയാക്കാത്തതു സംബന്ധിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനോടും ജലഅഥോറിറ്റിയോടും കഴിഞ്ഞ ദിവസം ഹൈക്കോടതി വിശദീകരണം ആരാഞ്ഞു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ.സജി ചാക്കോ നൽകിയ ഹർജിയാണ് ഫയലിൽ സ്വീകരിച്ചു നോട്ടീസ് അയച്ചത്. റോഡിലെ കൈയേറ്റം ഒഴിപ്പിക്കൽ അടക്കമുള്ള വിഷയങ്ങളിലും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
പെട്രോൾ, ഡീസൽ വില്പനയിൽ ലിറ്ററിന് ഒരു രൂപ വീതം പൊതുജനങ്ങളിൽ നിന്നു സമാഹരിച്ച് സ്വരൂപിച്ച കേന്ദ്ര റോഡ് ഫണ്ടിൽ നിന്നാണ് 15 കോടി രൂപ 2017ൽ കേന്ദ്ര സർക്കാർ മല്ലപ്പള്ളി – പുല്ലാട് റോഡിനുവേണ്ടി അനുവദിച്ചത്. രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പ്രഫ.പി.ജെ. കുര്യൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയേ തുടർന്നാണ് പണം അനുവദിച്ചത്.
2017ൽ റോഡ് നിർമാണത്തിനു ടെൻഡറായെങ്കിലും പുറമറ്റം, കോയിപ്രം ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ ഇടേണ്ട ജോലികളുള്ളതിനാൽ ഇതു കഴിഞ്ഞുമതി നിർമാണ പ്രവർത്തനമെന്ന് സ്ഥലം എംഎൽഎ കൂടിയായ അന്നത്തെ ജലവിഭവമന്ത്രി മാത്യു ടി.തോമസ് നിർദേശിച്ചിരുന്നു. എന്നാൽ ജലഅഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കൽ ജോലികൾ അനന്തമായി നീണ്ടതോടെയാണ് റോഡുപണി ആരംഭിക്കാതിരുന്നത്.
ഇതോടെ റോഡ് നിർമാണത്തിന് അനുവദിച്ച കരാർ കാലാവധി പൂർത്തിയാകാറായി. കേന്ദ്ര റോഡ് ഫണ്ട് വിനിയോഗത്തിന്റെ സമയപരിധിയും അവസാനിക്കുകയാണ്. നിലവിലുള്ള കരാർ പ്രകാരം ഇനി റോഡു പണികൾ ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലാണ് കരാറുകാർ.ജലഅഥോറിറ്റി കുഴി എടുത്തതോടെ റോഡിന്റെ ഉപരിതലം പൂർണമായി തകർന്നു. ഈ ഭാഗത്ത് നവീകരണ ജോലികൾ കൂടി നടത്താൻ നിലവിലുള്ള കരാറിൽ നടക്കില്ലെന്ന് കരാറുകാരും അറിയിച്ചതോടെയാണ് നടപടികൾ വൈകിയത്.
ഇതിനിടെ തങ്ങൾ കുഴിയെടുത്ത ഭാഗത്ത് മക്കിട്ടു നികത്തിതരാമെന്ന് ജലഅഥോറിറ്റി തീരുമാനമെടുത്തതും വൈകിയാണ്. കുഴികളും മഴയും കാരണം റോഡിലൂടെയുള്ള യാത്ര തന്നെ ദുഃസഹമായ സാഹചര്യത്തിൽ മാത്രമാണ് അധികൃതരുടെ ഇടപെടൽ ഉണ്ടായതെന്ന് ഡോ.സജി ചാക്കോ കുറ്റപ്പെടുത്തി. കാൽനടയാത്ര പോലും ദുഃസഹമാണ്. ഏറെ പ്രാധാന്യമുള്ള ഒരു പാത തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഹൈക്കോടതിയിൽ ഇതു സംബന്ധമായ കേസ് എത്തിയപ്പോൾ മാത്രമാണ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം എംഎൽഎയും കളക്ടറും ചേർന്നു യോഗം വിളിച്ചത്.
ഇതു ജനങ്ങളെ അപഹസിക്കലാണെന്നും സജി ചാക്കോ കുറ്റപ്പെടുത്തി.ഈ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട നിർമാണം ദേശീയപാത അഥോറിറ്റിക്ക് കൈമാറിയതിനാൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്ന നിലപാടാണ് ഇപ്പോഴുള്ളത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഇടപെടണം.
അടിയന്തര സാഹചര്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന ഒരാഴ്ചയ്ക്കകം റോഡിലെ കുഴികൾ അടയ്ക്കാൻ നിർദേശിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള കുഴിയടപ്പ് തന്നെ പ്രഹസനമായി മാറാനാണ ്സാധ്യതയെന്നും സജി ചാക്കോ പറഞ്ഞു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണകുമാർ, രാജേഷ് സുരഭി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദേശീയപാത അഥോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്പ്, റോഡിന്റെ വശങ്ങളിൽ ജലഅഥോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന നിലപാടിലാണ് അധികൃതർ. ഒരു മാസത്തിനുള്ളിൽ ഈ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നാണ് പറയുന്നത്.
റോഡു നിർമാണ ടെൻഡർ കാലാവധി ഈ മാസം അവസാനിക്കുമെങ്കിലും രണ്ടുമാസത്തെ അധിക സമയം അനുവദിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ജല അഥോറിറ്റിയുടെ ജോലികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം. റോഡ് സൈഡിലെ പൈപ്പ് മാറ്റി കുഴി മൂടുന്ന ജോലികളാണു പൂർത്തീകരിക്കാനുള്ളത്. നിലവിൽ പൈപ്പിട്ടു കഴിഞ്ഞതായി ജലഅഥോറിറ്റി അധികൃതർ പറഞ്ഞു.