പയ്യന്നൂര്‍: പയ്യന്നൂര്‍-അന്നൂര്‍-വെള്ളൂര്‍ റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ റീത്ത് വെച്ച് പ്രതിഷേധം. റോഡിന്റെ അകാല നിര്യാണത്തില്‍ അനുശോചനമെന്നെഴുതിയ ബാനര്‍ കെട്ടി റീത്ത് വെച്ചുകൊണ്ടാണ്പ്രതിഷേധം.
ഇന്നലെ രാവിലെയാണ് അധികൃതരുടെ കണ്ണുതുറപ്പിക്കാനുള്ള പ്രതിഷേധം അരങ്ങേറിയത്.നഗരസഭയിലൂടെ കടന്നുപോകുന്ന മണ്ഡലത്തിലെ പ്രധാന റോഡായ പയ്യന്നൂര്‍ -അന്നൂര്‍ -വെള്ളൂരിലൂടെയുള്ള നാട്ടുകാരുടെ ദുരിതയാത്ര മാസങ്ങളായി തുടരുന്നതാണ്.
പയ്യന്നൂരില്‍ നിന്ന് അന്നൂര്‍ , കാറമേല്‍ വഴി വെള്ളൂര്‍ ദേശീയപാത വരെയുള്ള റോഡ് നവീകരണത്തിന് 2018-19 വര്‍ഷത്തെ സംസ്ഥാന ബജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പണി തുടങ്ങിയത്. എട്ടു കോടി രൂപ ചിലവില്‍ ഏഴ് കിലോമീറ്റര്‍ നീളത്തിലും 5.50 മീറ്റര്‍ വീതിയിലുള്ള മെക്കാഡം ടാറിംഗ് പ്രവൃത്തിയാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ നിന്ന് അന്നൂര്‍ സത്യന് ആര്‍ട്സ് ക്ലബ് വരെയുള്ള ഭാഗം മെക്കാഡം ടാറിംഗ് പൂര്‍ത്തിയാക്കി. മറുഭാഗം കിളച്ചുമറിച്ചിട്ടനിലയിലായിരുന്നതിനാല് പിന്നീടുള്ള പകുതി ടാര്‍ ചെയ്ത ഭാഗത്തു കൂടിയാണ് വാഹനങ്ങളെല്ലാം കടന്നു പോയിക്കൊണ്ടിരുന്നത്
ബസ് സര്‍വ്വീസ് കുറവായ ഈ പ്രദേശത്ത് ആളുകള്‍ ഓട്ടോറിക്ഷയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ പോകാന്‍ മടിക്കുന്ന അവസ്ഥയുമുണ്ട്. പാതി വഴിയില്‍ നിര്‍ത്തിയ റോഡ് പണി ഫലത്തില്‍ നാട്ടുകാര്‍ക്ക് ഗുണത്തെക്കാളേറെ ദുരിതമാണ് സമ്മാനിച്ചത്.
റോഡ് പണി പാതിവഴിയിലാക്കിയിട്ട് കരാറുകാരന് പോയത് അന്വേഷിക്കണെമന്നും പണി ആരംഭിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് അധികൃതര്‍ കൈക്കൊള്ളമെന്ന് ആവശ്യപ്പെട്ട് പയ്യന്നൂര്‍ നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഡബ്ളുഡി ഓഫീസ് ഉപരോധിച്ചിരുന്നു.
തുടർന്നും ദുരിതയാത്രയ്ക്ക് പരിഹാരം കാണാത്തതിലുള്ള നാട്ടുകാരുടെ വേറിട്ട പ്രതിഷേധമാണ് ഇന്നലെ കണ്ടത്. കുരുക്ഷേത്ര അന്നൂരിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് കെ.കെ.രാമദാസ്, ടി. രാമകൃഷ്ണന്, വി.കെ. സോമന്, എം.പി. പ്രഭാകരന്, കെ.കെ. സുരേഷ് എന്നിവര്‍ നേതൃത്വം നൽകി.