കോതമംഗലം: സംസ്ഥാന പാതയിൽ ഊന്നുകൽ-വെങ്ങല്ലൂർ ഭാഗങ്ങളിൽ റോഡ് തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ അരിക് ഇടിയുന്നത് വ്യാപകമായതോടെയാണ് അപകട ഭീഷണി ഉയർന്നിരിക്കുന്നത്.
നാട്ടുകാർ റിബണ്‍ കെട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. റോഡിന് ഇരുവശങ്ങളിലും പുല്ലും കാടുപടലങ്ങളും ഉയർന്നു നിൽക്കുന്നതിനാൽ റോഡിന്റെ തകർച്ച യാത്രക്കാർക്ക് കാണാൻ സാധിക്കുന്നില്ല. വളവുകളിലും വീതി കുറഞ്ഞ ഇടങ്ങളിലുമാണ് അധികവും റോഡരിക് ഇടിഞ്ഞിരിക്കുന്നത്.
ഊന്നുകല്ലിന് സമീപം റോഡ് ടാർ ചെയ്ത ഭാഗം രണ്ടടി വരെ ഇടിഞ്ഞിരിക്കുന്നത് ഇരുചക്രവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു പോലെ ദുരിത മായിരിക്കുകയാണ്. അമിതഭാരം കയറ്റി വരുന്ന ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ ഭാഗത്തു കൂടി കടന്നുപോകുന്പോൾ റോഡ് കൂടുതൽ തകരുന്നതിനും കാരണമാകുന്നുണ്ട്.
ടാറിംഗിന്റെ അടിഭാഗത്തെ മണ്ണ് കനത്ത മഴയിൽ ഒലിച്ചുപോയതും അപകടസാധ്യത വർധിപ്പിക്കുന്നു. നിരവധി ഇടങ്ങളിൽ വെള്ളം കുത്തി ഒഴുകി ടാറിട്ട ഭാഗത്തിന് സമീപം ആഴത്തിൽ കട്ടിംഗുകൾ രൂപപ്പെട്ടതും ചെറുവാഹനങ്ങൾക്ക് ഭീഷണിയാണ്.
കാറുകളുൾപ്പെടെ ചെറിയ വാഹനങ്ങൾ അപ്രതീക്ഷിതമായി സൈഡ് ചേർക്കുന്പോൾ അടിഭാഗമിടിച്ച് വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്. റോഡിന്റെ വീതിക്കുറവും അപകട സാധ്യത വർധിപ്പിക്കുന്നു. വാഹനങ്ങളുടെ ബാഹുല്യവും റോഡിന്റെ തകർച്ചയും യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.