കൊല്ലങ്കോട്: ടൗണിൽനിന്നും വെള്ളനാറയിലേക്കുള്ള നാലുകിലോമീറ്റർ റോഡ് തകർന്നിട്ടും ഗതാഗതയോഗ്യമാക്കാത്തതിൽ നാട്ടുകാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ചീരണി, കാളികുളന്പ്, പൊരിച്ചോളം, വെള്ളനാറ എന്നിവിടങ്ങളിലായി ഇരുന്നൂറോളം കുടുംബങ്ങളുടെ യാത്രയ്ക്കുള്ള ഏകാശ്രയമാണ് ഈ റോഡ്.
ആറുമാസംമുന്പ് റോഡ് പുനർനിർമാണത്തിനു കരാറെടുത്തവർ അകാരണമായി നിർമാണം വൈകിപ്പിക്കുന്നതായി സമരക്കാർ കുറ്റപ്പെടുത്തി.വി.മോഹനൻ, കെ.നാരായണൻ, സി.വി.വേലായുധൻ, കെ.റഫീക്ക് എന്നിവർ കുത്തിയിരിപ്പു സമരത്തിനു നേതൃത്വം നല്കി. നിലവിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനു ആംബുലൻസിനുപോലും പോകാൻ കഴിയാത്തവിധം തകർന്നുകിടക്കുകയാണ് റോഡ്.
സ്കൂളിലേക്ക് വിദ്യാർഥികളെ കയറ്റി ഓട്ടോ സഞ്ചരിക്കുന്നത് അപകടഭീഷണി മുന്നിൽ കണ്ടാണ്. റോഡുവക്കത്തെ താമസക്കാർ അതിക്രമിച്ച് മതിൽകെട്ടിയത് പൊളിച്ചുനീക്കിയാലേ പുനർനിർമാണം നടത്താൻ കഴിയൂ എന്ന നിലപാടിലാണ് കരാറുകാരൻ.റോഡുപണി പുനരാരംഭിക്കാൻ ഇനിയും കാലതാമസമുണ്ടായാൽ കൊല്ലങ്കോട്-പയിലൂർ പ്രധാനപാതയിൽ കുത്തിയിരിപ്പുസമരം നടത്തി പ്രതിഷേധിക്കുമെന്നു സമരക്കാർ മുന്നറിയിപ്പുനല്‍കി.