വിളക്കുടി : പഞ്ചായത്തിൽ മൂന്നാം വാർഡായ കുളപ്പുറത്ത് നിരവധി പേർ ആശ്രയിക്കുന്ന വിളക്കുടി ആവണീശ്വരം റയിൽവേ സ്റ്റേഷൻ റോഡാണ് കഴിഞ്ഞ എട്ടുവർഷമായി തകർന്ന് കാൽനടയത്ര പോലും ദുരിതത്തിലായിരിക്കുന്നത്. ജനപ്രതിനിധികളsക്കമുള്ളവരോട് നാട്ടുകാർ പരാതി പറഞ്ഞ് മടുത്തു. പത്ത് വർഷം മുൻപ് റീ ടാറിംഗ് നടത്തിയതിന് ശേഷം റോഡിൽ അറ്റകുറ്റപണികളോ,ടാറിംഗോ നടത്തിയിട്ടില്ല.
ഒന്നര കിലോമീറ്റർ വരുന്ന റോഡ് തകരാൻ ബാക്കിയില്ല. ഭൂരിഭാഗം സ്ഥലത്തും വലിയ കുഴികൾ രൂപാന്തരപ്പെട്ട് മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽ പെടുന്നത് പതിവാണ്. പ്രദേശത്ത് ആർക്കെങ്കിലും രോഗം വന്നാൽ വാഹനത്തിൽ എത്തിക്കണമെന്നാൽ ബുദ്ധിമുട്ടാണ്.ഓട്ടോറിക്ഷയ്ക്ക് അമിത ചാർജ് നല്കിയാലും ഓട്ടം വിളിച്ചാൽ വരാറില്ലന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ ശോചനീയാവസ്ഥ കാരണംസ്കൂൾ കോളേജ് വാഹനങ്ങൾ പോലും ഇതുവഴി വരാറില്ല. പത്തനാപുരം റോഡിൽ നിന്നും കുന്നിക്കോട് ഭാഗത്ത് എത്താതെ തന്നെ പുനലൂർ അഞ്ചൽ ഭാഗത്ത് പോകുന്നതിന് എളുപ്പമാർഗമായ പാതയാണ് അധികൃതരുടെ അവഗണനയിൽ തകർന്ന് കിടക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത് . അറ്റകുറ്റപ്പണിക്കും ടാറിംഗിനുമായി 30ലക്ഷം രൂപയോളം വേണം. വാർഡ് അംഗം ഇടപെട്ട് ജില്ലാ പഞ്ചായത്തിൽ നിന്നും എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല. എം.എൽ.എ കെ.ബി ഗണേഷ് കുമാർ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാമെന്ന് നല്കിയ ഉറപ്പിൽ ആശ്വസിക്കുകയാണ് നാട്ടുകാർ.
വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയാറായില്ലങ്കിൽ കക്ഷിരാഷ്ടിയത്തിന് അതീതമായി പ്രദേശവാസികളെ സംഘടിപ്പിച്ച് പ്രധാന റോഡ് ഉപരോധമുൾപ്പെടെ സമരപരിപാടികൾ സംഘടിപ്പിക്കുവാനൊരുങ്ങുകയാണ് നാാട്ടുകാര് .