മണ്ണാർക്കാട്: തകർന്നു ഗർത്തങ്ങൾ നിറഞ്ഞ തെങ്കര-അന്പംകുന്ന് റോഡിന്റെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. നിലവിൽ റോഡിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും ശക്തമാണ്. നാലുകിലോമീറ്റർ യാത്ര മിക്കവർക്കും അസാധ്യമാക്കും.
കാഞ്ഞിരപ്പുഴ തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അന്പംകുന്ന് റോഡിന്റെ വർഷങ്ങളായുള്ള സ്ഥിതിയാണിത്. നിലവിലെ സാഹചര്യത്തിൽ തെങ്കര കനാൽ ജംഗ്ഷൻമുതൽ കാഞ്ഞിരം വരെയുള്ള ആറുകിലോമീറ്റർ റോഡ് പൂർണമായും ടാർ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ചെറിയ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ ഓരോ ഭാഗവും ടാർ ചെയ്യുന്പോഴേയ്ക്കും അടുത്തഭാഗം പൊളിയും. റോഡിലെ വലിയ കുഴികളിൽ ചെളിനിറഞ്ഞതുമൂലം കാൽനട, ഇരുചക്രവാഹന യാത്രക്കാരും ബുദ്ധിമുട്ടിലാണ്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അന്പംകുന്ന് കോയാക്ക ഫണ്ട്, അന്പംകുന്ന് ബീരാൻ ഒൗലിയ പള്ളി എന്നിവിടങ്ങളിലേക്കുള്ള വഴിയുമാണിത്.
തെങ്കര കനാൽ ജംഗ്ഷനിൽനിന്നും നാലു കിലോമീറ്ററോളം ദൂരമാണ് പൂർണമായും തകർന്നുകിടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവഴിച്ച് കാഞ്ഞിരംമുതൽ അന്പംകുന്ന് വരെയുള്ള ഭാഗം ടാർ ചെയ്തിരുന്നു.
ഇവിടെനിന്നും തെങ്കരയിലേക്കുള്ള റോഡാണ് പൂർണമായും തകർന്നിരിക്കുന്നത്. നിരവധിതവണ അറ്റകുറ്റപണി നടത്തിയെങ്കിലും റോഡിന്റെ ശോച്യാവസ്ഥ തുടരുകയാണ്.
വലിയ ഫണ്ട് ലഭിച്ചാൽ മാത്രമേ റോഡിന്റെ പൂർണ ടാറിംഗ് നടത്തുവാൻ കഴിയൂവെന്ന് നാട്ടുകാർ പറഞ്ഞു.എൻ.ഷംസുദീൻ എംഎൽഎയുടെ അസറ്റ് ഫണ്ട് ഉൾപ്പെടുത്തി 20 ലക്ഷം രൂപ റോഡ് നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്.
പക്ഷേ ഇതുകൊണ്ട് പൂർണമായും ടാറിംഗ് നടക്കുകയില്ലെന്നു വിദഗ്ധർ പറയുന്നു.