അഗളി: ആയിരക്കണക്കിനാളുകൾ ദിനംപ്രതി സഞ്ചരിക്കുന്ന അട്ടപ്പാടിചുരം റോഡ് അപകടഭീതിയിൽ. കഴിഞ്ഞ സെപ്റ്റംബർ 16, 17, 18 തീയതികളിലുണ്ടായ കനത്തമഴയിൽ ഉരുൾപൊട്ടിയും മരങ്ങൾ കടപുഴകിവീണും മണ്ണിടിഞ്ഞും ചുരംറോഡ് നിരവധി ഭാഗം തകർന്നിരുന്നു.
ഇതേ തുടർന്ന് ആഴ്ചകളോളം റോഡ് ഗതാഗതം മുടങ്ങി. അട്ടപ്പാടിക്കു പുറത്തേക്കും അട്ടപ്പാടിയിലേക്കും എത്താൻ നൂറുകിലോമീറ്റർ ചുറ്റിവളയേണ്ട സാഹചര്യമുണ്ടായി. എംഎൽഎ, ജില്ലാ കളക്ടർ, സബ് കളക്ടർ, തഹസീൽദാർ, ഡിവൈഎസ്പി, ഡിഎഫ്ഒ തുടങ്ങി ഉന്നതോദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അട്ടപ്പാടിചുരം റോഡ് ബലപ്പെടുത്തുന്നതിന് അടിയന്തിരനടപടിയുണ്ടാകുമെന്നു സർക്കാർ വാഗ്ദാനം നല്കിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല. റോഡുതകർന്നു ഒന്പതുമാസം പിന്നിട്ടിട്ടും പി.ഡബ്ല്യുഡി റോഡ് വിഭാഗം ചില ഭാഗങ്ങളിൽ അപകട സൂചനാബോർഡും തീർത്തും ദുർബലമായ ഫെൻസിംഗും സ്ഥാപിച്ച് കടമകളിൽനിന്ന് പി·ാറി. മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് നവീകരണത്തിനായി ഒന്നരവർഷം മുന്പ് കിഫ്്ബിയിൽ സംസ്ഥാന സർക്കാർ എണ്പതുകോടി രൂപ അനുവദിച്ചതായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആവർത്തിക്കുന്നുണ്ടെങ്കിലും നടപ്പായില്ല.
റോഡിലെ നിലവിലുള്ള കുഴികൾ അടയ്ക്കാൻപോലും ഉദ്യോഗസ്ഥർ താത്പര്യമെടുക്കുന്നില്ല. റോഡ് നവീകരണത്തിനാവശ്യമായ എസ്റ്റിമേറ്റ് അടക്കമുള്ള ഡീറ്റെയിഡ് പ്രോജക്ട് റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സർക്കാരിനു സമർപ്പിച്ചിട്ടില്ലാത്ത ആക്ഷേപവും ശക്തമാണ്. സൈലന്റ് വാലി, ഉൗട്ടി, മേട്ടുപ്പാളയം, കോയന്പത്തൂർ, ഏർവാടി തുടങ്ങിയ പ്രദേശങ്ങളിലേക്കും താവളം സെഹിയോൻ ധ്യാനകേന്ദ്രം, ജെല്ലിപ്പാറ കാൽവരി മൗണ്ട് തീർഥാടന കേന്ദ്രം തുടങ്ങിയ പൂജ്യസ്ഥലങ്ങളിലേക്കും എത്താൻ ചുരം റോഡ് കടക്കണം.
അട്ടപ്പാടിയിൽ സ്കൂൾ, കോളജ്, ബാങ്ക്, വില്ലേജ്, ബ്ലോക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ചുരംറോഡ് താണ്ടിവേണം അട്ടപ്പാടിയിലെത്താൻ. നിരവധി വിദ്യാർഥികളും കുടിയേറ്റ കർഷകരും വിവിധ ആവശ്യത്തിനായി താലൂക്ക് ആസ്ഥാനത്തേക്കും പാലക്കാട്ടേയ്ക്കും നാട്ടിൻപ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നു.
ആദിവാസി ഗർഭിണികൾ ഉൾപ്പെടെയുള്ള വൃദ്ധരെയും കുട്ടികളെയും കുടിയേറ്റ കർഷകരെയും അടിയന്തിര ചികിത്സയ്ക്ക് ചുരംറോഡ് വഴി വേണം പുറത്തേക്കുകൊണ്ടുപോകാൻ. പാലക്കാട്, മണ്ണാർക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട്, തൃശൂർ തുടങ്ങിയ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭിക്കുക. റോഡിന്റെ ശോച്യാവസ്ഥ നിമിത്തം യഥാസമയം ചികിത്സ കിട്ടാതെ നിരവധിപേരുടെ ജീവൻ പൊലിഞ്ഞിട്ടുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.
അട്ടപ്പാടിചുരം റോഡ് ഗതാഗതം പൂർണമായി നിലച്ച ഘട്ടത്തിൽ ഇരുന്നൂറു കിലോമീറ്റർ ചുറ്റിവളഞ്ഞാണ് ജനങ്ങൾ മണ്ണാർക്കാട് എത്തിയത്. ഈ സാഹചര്യത്തിൽ അട്ടപ്പാടിയിലേക്ക് ബദൽ റോഡ് അത്യാവശ്യമാണെന്ന് ബോധ്യമായി. ചിറക്കൽപ്പടി, കാഞ്ഞിരം, കുറുക്കൻകുണ്ടുവഴി ബദൽ റോഡിനു പച്ചക്കൊടി കാട്ടിയെങ്കിലും ഒരു പ്രവൃത്തിയും നടന്നില്ല.
തെങ്കര, മെഴുകുംപാറ വഴി മുക്കാലിയിലേക്ക് എത്തുന്ന ബദൽറോഡും അനുയോജ്യമാണെന്ന അഭിപ്രായവുമുണ്ട്. ചെങ്കുത്തായ മലനിരകളും വിദൂരവനത്തിൽ ആദിവാസി സങ്കേതങ്ങളുമുള്ള പ്രകൃതിക്ഷോഭത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് അട്ടപ്പാടി. നിലവിൽ തകർച്ചയുടെ വക്കീൽ നില്ക്കുന്ന ചുരംറോഡ് തകരുകയും അട്ടപ്പാടിയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാകുകയും ചെയ്താൽ ദുരന്തനിവാരണത്തിന് എളുപ്പമാർഗമുണ്ടാകില്ല.
കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെത്താൻ ജില്ലാ കളക്ടർ അടങ്ങിയ സംഘത്തിന് ഇരുന്നൂറു കിലോമീറ്റർ അധികയാത്ര വേണ്ടിവന്നിരുന്നു. അട്ടപ്പാടി പ്രകൃതിക്ഷോഭ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണമെന്നും സർക്കാരിന്റെ പ്രത്യേക ഫണ്ട് അനുവദിച്ച് മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് യു്ദ്ധകാലാടിസ്ഥാനത്തിൽ നവീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയംഗവുമായ എം.ആർ.സത്യൻ, മുഖ്യമന്ത്രി പ്രതിപക്ഷനേതാവ്, വകുപ്പുമന്ത്രി, എസ്എസ്/എസ്ടി, വകുപ്പുമന്ത്രി നിയമസഭാ സ്പീക്കർ, എംഎൽഎ തുടങ്ങിയവർക്ക് നിവേദനം നല്കിയിട്ടുണ്ട്.