തിരുവല്ല: കായംകുളം സംസ്ഥാന പാതയിൽ മണിപ്പുഴ പാലത്തിലെ കോൺക്രീറ്റ് അടർന്നു മാറി കമ്പികൾ തെളിഞ്ഞിട്ടും ഉദ്യോഗസ്ഥർക്ക് കുലുക്കമില്ല. ഇരു വശങ്ങളിലെയും അപ്രോച്ച് റോഡിനോടു ചേർന്ന ഭാഗമാണ് തകർന്നിരിക്കുന്നത്. അൽപം ശ്രദ്ധ മാറിയാൽ കാൽനടയാത്രക്കാരുടെ കാലിൽ ഇരുമ്പു പ്ലേറ്റുകൾ കൊണ്ടു കയറാനും സാധ്യത ഏറെയാണ്.
പ്രളയത്തിനു മുമ്പാണ് പാലത്തിലെ കുഴികൾ രൂപപ്പെട്ടു തുടങ്ങിയത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കുഴിയിൽ ചാടി പാലത്തിനു കുലുക്കവും അനുഭവപ്പെടുന്നു. വലിയ കുഴികളിൽ വാഹനങ്ങൾ സാവധാനം ഇറങ്ങിപ്പോകുന്നതിനാൽ ഗതാഗത കുരുക്കും രൂക്ഷമാണ്.
മണിപ്പുഴ ഉണ്ടപ്ലാവ് ജംഗ്ഷനു സമീപം റോഡിൽ കിടങ്ങു പോലെയാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ ചാടാതെ മറുകര കടക്കാനായി വാഹനങ്ങൾ വെട്ടിക്കുന്നതു മൂലം നിത്യവും നിരവധി അപകടങ്ങൾക്കും നാട്ടുകാർ സാക്ഷികളാകുന്നു.പൊടിയാടി ജംഗ്ഷനു സമീപം കലുങ്കിന്റെ സംരക്ഷണ ഭിത്തിയും തകർന്ന നിലയിലാണ്.
കായംകുളം സംസ്ഥാന പാത അഞ്ചു വർഷത്തെ ഗാരണ്ടിയോടെയാണ് നിർമിച്ചിട്ടുള്ളത്. കാലാവധി അവസാനിക്കുന്നത് ഈ വർഷാവസാനമാണ്. എന്നാൽ പാലത്തിലും റോഡിലും മഴക്കാലത്ത് രൂപപ്പെട്ട കുഴികൾ അടക്കാൻ ബന്ധപ്പെട്ട കരാറുകാർ തയാറായിട്ടില്ല.
അതേസമയം പുതിയ ടെൻഡർ വിളിച്ച് റോഡിന്റെയും പാലത്തിന്റെയും അറ്റകുറ്റപ്പണികൾ നടത്താനാണ് അധികൃതരുടെ നീക്കം. ഇതിനായി ലോകബാങ്ക് സംഘം കഴിഞ്ഞ ദിവസം റോഡിന്റെ തകർച്ച വിലയിരുത്തി ട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.