കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് കരിന്പ മേഖലയിൽ റോഡുകളിൽ വൻഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഗതാഗതതടസം രൂക്ഷമായി. പനന്പാടം, കരിന്പ, മാച്ചാംതോട് പാലത്തിനിരുപുറവും പൊന്നംകോട് കനാൽ, പൊന്നംകോട് കവല, തച്ചന്പാറ എന്നിവിടങ്ങളിലാണ് റോഡുകളിൽ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടി നില്ക്കുന്നത്.
മാച്ചാംതോട് ഭാഗത്ത് രണ്ടടിതാഴ്ച്ചയിലും എട്ട് അടി വീതിയിലുമാണ് കുഴികൾ ഉണ്ടായിട്ടുള്ളത്. പലകുഴികളിലും വെള്ളംനിറഞ്ഞു നില്ക്കുന്നതിനാൽ ഇരുചക്രവാഹങ്ങളടക്കമുള്ളവ കുഴികളിൽ വീഴുന്നത് പതിവാണ്. കഴിഞ്ഞദിവസം കോയന്പത്തൂരിൽനിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുത്രിയിലേയ്ക്കുപോയ ആംബുലൻസ് മാച്ചാംതോട് കുഴിൽപെട്ട് നിയന്ത്രണം വിട്ടെങ്കിലും മറിയാതെ നിന്നത് അപകടം ഒഴിവായി.
ദേശീയപാതയിൽ മഴമൂലമുള്ള കുഴികൾ മെറ്റലിട്ട് മൂടണമെന്നും മഴ മാറിയാലുടനെ ടാർ ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.