തലപ്പുഴ: ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന് പിന്നാലെ റോഡ് തകർന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ ഇടിക്കര ശിവഗിരി റോഡാണ് ടാറിംഗിന് പിന്നാലെ തകർന്ന് തരിപ്പണമായത്. ടാറിംഗ് മുഴുവൻ ഇളകി റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം ഈ റോഡ് അപകടാവസ്ഥയിലാണ്.
വാഹനങ്ങൾ ഓടുന്പോൾ റോഡ് താഴ്ന്നു പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കല്ലുകൾ പാകി ഉറപ്പിക്കാതെ ക്വാറിയിൽ നിന്നുള്ള പൊടിമാത്രം അടിയിൽ ഇട്ട് അതിന് മേലെ വെറും അരയിഞ്ച് കനത്തിലാണ് ടാറിംഗ് ചെയ്തത്. നൂറ് മീറ്റർ റോഡാണ് കഴിഞ്ഞ മാസം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
ടാർ ചെയ്തതിന് ശേഷം ഗതാഗതത്തിന് തുറന്ന് കൊടുത്ത അന്ന് തന്നെ റോഡ് പൊട്ടി തകരുകയായിരുന്നു. ടാറിംഗ് ചെയ്ത മുഴുവൻ ഭാഗവും തകർന്നു. ഈ റോഡിന്റെ ടാറിംഗ് പ്രവൃത്തിയിൽ വൻ അഴിമതി നടന്നതായി നാട്ടുകാർ ആരോപിക്കുന്നു. റോഡ് തകർന്നതിനെ സംബന്ധിച്ച് അധികൃതരെ അറിയിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
ഇടിക്കരയിൽ നിന്ന് തുടങ്ങുന്ന ഈ റോഡ് തിണ്ടുമ്മലിലാണ് എത്തുന്നത്. രണ്ടര കിലോമീറ്റർ ദൂരമുള്ള ഈ റോഡ് വർഷങ്ങളായി അധികൃതരുടെ അവഗണന പേറുകയാണ്. 400 മീറ്റർ നിലവിൽ കല്ലും പാകിയിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് കിലോമീറ്റർ പൂർണമായും മണ് റോഡാണ്.
ഇടിക്കര, ശിവഗിരി, തെക്കേക്കര തുടങ്ങിയ പ്രദേശവാസികളുടെ ഏക ആശ്രയമാണ് ഈ റോഡ്. ടാറിംഗ് ചെയ്ത 100 മീറ്റർ റോഡ് വീണ്ടും റീ ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.