റാന്നി: പെരുനാട് – അത്തിക്കയം ജലവിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലിനായി കുഴിയെടുത്തതുമൂലം നാറാണംമൂഴി, പെരുനാട് പഞ്ചായത്തുകളിലെ ഗ്രാമീണ പാതകളും പൊതുമരാമത്ത് റോഡുകളും നാശോന്മുഖമായി. മാസങ്ങൾക്കു മുന്പ് ആരംഭിച്ച പണിയാണിത്. പ്രധാന റോഡുകളിൽ പോലും പൈപ്പ് സ്ഥാപിക്കൽ ഇതേവരെ പൂർത്തിയായിട്ടില്ല.
ഗ്രാമീണ പാതകളിലാകട്ടെ വർഷങ്ങളായി ഉപയോഗിച്ചു വന്ന കോൺക്രീറ്റ് റോഡുകൾ പോലും അപ്പാടെ വെട്ടിക്കുഴിച്ച് തകർത്തിട്ട് പലയിടത്തും പൈപ്പുകൾ പോലും സ്ഥാപിക്കാതെ കരാറുകാരൻ സ്ഥലംവിട്ടു. ഗ്രാമീണ പാതകളിൽ വാഹനം ഓടിക്കാനാകാത്ത സ്ഥിതിയാണിപ്പോൾ.
രണ്ടു പഞ്ചായത്തുകളിലെയും പൊതുമരാമത്ത് റോഡുകൾ അപ്പാടെ പൈപ്പ് സ്ഥാപിക്കലിന്റെ പേരിൽ വെട്ടിക്കുഴിച്ചു. കുഴിച്ച് പൈപ്പിട്ട ഭാഗത്ത് ശരിയായി കുഴിയടയ്ക്കാത്തതിനാൽ വാഹനങ്ങൾ കുഴിയിൽപെടുന്നതും പതിവാണ്. മാസങ്ങൾക്ക് മുന്പ് പൈപ്പിട്ട് മൂടി ഉടനെ അത്തിക്കയം – മടന്തമൺ റോഡിൽ ടാറിംഗ് നടത്തിയപ്പോൾ കുഴി ഉറയ്ക്കാത്തതു മൂലം വാഹനം കയറിയ റോഡുഭാഗം ഓടപോലെ നീളത്തിൽ കുഴിഞ്ഞു താണു.
പെരുനാട് – അത്തിക്കയം റോഡിൽ ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പൈപ്പ് കുഴിയാണ് പ്രധാന തടസമാകുന്നത്. അത്തിക്കയം പാലം – കണ്ണന്പള്ളി റോഡിൽ പകുതിയോളം ഭാഗത്ത് ഇപ്പോഴാണ് യന്ത്രസഹായത്താൽ റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കുന്നത്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടനെ നടക്കേണ്ടതുള്ളതിനാൽ ഇപ്പോഴത്തെ റോഡ് കുഴിക്കലും പൈപ്പ് ഇടീലും വീണ്ടും പ്രതിസന്ധിയുണ്ടാക്കും. പൈപ്പ് കുഴിയുടെ മുകളിൽ ടാറിംഗ് നടത്തിയാലും ഉറക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
നാറാണംമൂഴി പഞ്ചായത്തിൽ പൈപ്പിടീൽ മൂലം തകർന്നു തരിപ്പണമായ ഗ്രാമീണ റോഡുകൾ മുഴുവൻ കോൺക്രീറ്റോ ടാറിംഗോ നടത്തി യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.