കൈപ്പട്ടൂര്‍: മഴക്കാലത്ത് നീരുറവ പൊടിക്കുന്ന ഭാഗത്ത് റോഡ് തകര്‍ച്ച ഒഴിവാക്കാന്‍ പാകിയ ഇന്റര്‍ലോക്ക് കട്ട അപകട കെണിയാകുന്നു. ചാറ്റല്‍മഴ പെയ്താല്‍ പോലും ഇന്റര്‍ലോക്കില്‍ കയറുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു. സ്കൂട്ടര്‍ – ബൈക്ക് യാത്രികര്‍ തെന്നി വീഴുമ്പോള്‍ കാര്‍ പോലെയുള്ള വാഹനങ്ങള്‍ നിയന്ത്രണം വിട്ട് സമീപത്തെ ഓടയില്‍ വീഴുകയോ മതിലില്‍ ഇടിച്ചു നില്‍ക്കുകയോ ആണ്.
കൈപ്പട്ടൂര്‍ – തട്ട റോഡിന് സമാന്തരമായി ഓര്‍ത്തഡോക്സ് പള്ളിക്ക് മുന്നിലൂടെ കടന്നു പോകുന്ന ബൈപാസ് റോഡാണ് അപകടം ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ അടൂര്‍ ഭാഗത്ത് നിന്ന് കൈപ്പട്ടൂരിലേക്ക് വന്ന മാരുതി കാര്‍ ഇന്റര്‍ലോക്കില്‍ കയറി നിയന്ത്രണം വിട്ട് എതിരേ വന്ന സ്കൂട്ടര്‍ യാത്രക്കാരിയെ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറ്റി. അപകടത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന വടശേരിക്കര സ്വദേശിനിയുടെ കാല് ഒടിഞ്ഞു. വൈകുന്നേരം പെയ്ത മഴ കഴിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്.
ഇറക്കമിറങ്ങി വന്ന കാര്‍ ബ്രേക്ക് ചെയ്തപ്പോഴാണ് ഇന്റര്‍ലോക്കില്‍ തെന്നി എതിരേ വന്ന സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചത്. കാറിനും കേടുപാട് സംഭവിച്ചു. ഒരു ദിവസം ചുരുങ്ങിയത് 15 പേരെങ്കിലും ഇവിടെ വന്ന് മറിഞ്ഞു വീഴാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. ചാറ്റല്‍മഴ പെയ്താല്‍ പിന്നെ ഈ വഴി വരുന്ന ബൈക്ക് – സ്കൂട്ടര്‍ യാത്രികര്‍ വീഴും. ചിലര്‍ക്ക് പരിക്ക് പറ്റാറില്ല. നല്ല പരിക്ക് പറ്റുന്നവരുമുണ്ട്. കാറും മറ്റ് വലിയ വാഹനങ്ങളും നിയന്ത്രണം വിടുന്നത് പതിവാണ്. മഴയില്ലെങ്കില്‍ അപകടം കുറവുമാണ്.
കൈപ്പട്ടൂര്‍ – തട്ട – അടൂര്‍ റോഡിലെ വളവുകളും തിരക്കും ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ പേരും ഈ റോഡ് തെരഞ്ഞെടുക്കുന്നത്. കയറ്റം കയറിപ്പോകുന്നവര്‍ക്ക് അത്ര പ്രശ്നമില്ല. തിരികെ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് മിക്കപ്പോഴും പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്ന ഇന്റര്‍ലോക്ക് മാറ്റി പകരം കോണ്‍ക്രീറ്റ് ചെയ്താല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.