ഏറ്റുമാനൂർ: നാട്ടുകാരുടെ ആവശ്യത്തോടു സ്ഥലമുടമയുടെ അനുകൂല പ്രതികരണം. ഉടമയ്ക്കു കൊടുത്ത വാക്കുപാലിച്ചു നാട്ടുകാർ. ഗതാഗതം സുഗമമായതിന്റെ ആഹ്ലാദത്തിൽ സ്ഥലമുടമയും നാട്ടുകാരും.
എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടായാൽ യാത്രക്കാർ ആശ്രയിച്ചിരുന്ന റോഡാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപത്തുനിന്ന് ആരംഭിക്കുന്ന കൊച്ചുപുരയ്ക്കൽ-കണ്ണാറമുകൾ റോഡ്. എന്നാൽ റോഡിലെ ഒരു മതിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനു തടസമായിരുന്നു. തടസം നീക്കാനായി മതിൽ പൊളിക്കാൻ അനുമതി തേടി ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സ്ഥലമുടമ അലക്സ് ആര്യൻകാലയെ സമീപിച്ചു.
അലക്സ് അവർക്ക് അനുമതി നൽകി. മാർച്ച് 30ന് അസോസിയേഷന്റെ നേതൃത്വത്തിൽ മതിൽ പൊളിച്ചുനീക്കി.
പൊളിച്ചു നീക്കിയ മതിൽ പത്തു ദിവസത്തിനകം അസോസിയേഷന്റെ നേതൃത്വത്തിൽ മനോഹരമായി പുനർനിർമിച്ചു നൽകി. നാടിന്റെ പൊതുകാര്യത്തിനായി കൈകോർത്ത സ്ഥലമുടമ അലക്സ് ആര്യൻകാലയും ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷനും നാടിനു മാതൃകയായി.
ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാജീവ്, സെക്രട്ടറി സി.വി. തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.