ഇരിട്ടി: തലശേരി-വളവുപാറ റോഡിന്റെ രണ്ടാം പകുതിയായ കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗത്തെ പാലങ്ങളുടെയും റോഡിന്റെയും പ്രവൃത്തി തകൃതിയില്‍ നടക്കുമ്പോഴും റോഡരികിലെ വന്‍ മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയായില്ല. ഇതേത്തുടര്‍ന്ന് ഇരിട്ടി പാലം മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗത്തെ പ്രവൃത്തി മരംമുറിച്ചുമാറ്റുന്നതുവരെ നിലച്ചേക്കും. ഇരിട്ടി പാലം മുതല്‍ വളവുപാറ( കൂട്ടുപുഴ) വരെയുള്ള അന്തര്‍ സംസ്ഥാന പാതയോരത്തെ വന്‍ മരങ്ങളാണ് വന്‍ അപകട ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
തലശേരി- കുടക് അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ടൂറിസ്റ്റ് വാഹനമുള്‍പ്പെടെ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. മരങ്ങള്‍ മുറിച്ച് നീക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് റോഡ് നിര്‍മാണം നടത്തുന്ന കരാറുകാരായ ഇകെകെ ഗ്രൂപ്പ് മരങ്ങള്‍ ഒഴിവാക്കി റോഡരികിലെ കുന്നിടിച്ച് റോഡിന്റെ വീതി കൂട്ടുന്ന പ്രവൃത്തി അതിവേഗം ആരംഭിച്ചത്.
എന്നാല്‍ മരങ്ങള്‍ മുറിച്ചു നീക്കാനുള്ള നടപടി അധികൃതര്‍ ഇതുവരെയും ആരംഭിക്കാത്തതിനാല്‍ വന്‍ മരങ്ങള്‍ ഏതു നിമിഷവും കടപുഴകി വീഴുമെന്ന ഭീതിയിലാണ് . കൂടാതെ വളവുകള്‍ തീര്‍ത്ത് നിര്‍മിക്കുന്ന റോഡായതിനാല്‍ പലസ്ഥലങ്ങളിലും റോഡിനാവശ്യമായ സ്ഥലങ്ങള്‍ പൊന്നും വില കൊടുത്ത് ഏറ്റെടുത്തിരുന്നു.
ഈ സ്ഥലങ്ങളിലുള്ള നൂറുകണക്കിന് തെങ്ങുകളും മറ്റു മരങ്ങളും മുറിച്ച് മാറ്റാനുണ്ട് സോഷ്യല്‍ ഫോറസ്ട്രി മരങ്ങള്‍ക്ക് അമിതമായ വില നിശ്ചയിച്ചതിനാല്‍ ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്താതിനെ തുടര്‍ന്നാണ് നടപടി നീണ്ടു പോകുന്നതെന്ന് അധികൃതര്‍ പറയുന്നത്. തലശേരി മുതല്‍ കളറോഡ് വരെ 30 കിലോമീറ്റര്‍ ഒന്നാം റീച്ചും കളറോഡ് മുതൽ വളവുപാറ വരെ 23 കിലോമീറ്റര്‍ രണ്ടാം റീച്ചുമായാണ് റീ ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. ആദ്യ റീച്ചില്‍ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണെന്ന് ആരോപണമുണ്ട്.