വടക്കഞ്ചേരി: മുടങ്ങിക്കിടക്കുന്ന വടക്കഞ്ചേരി- മണ്ണൂത്തി ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ച് ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് സിപിഎം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ഇന്ന് രാവിലെ വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ നടന്ന ഉപരോധസമരം സിപിഎം ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി, മുൻ എംഎൽഎ സി.ടി. കൃഷ്ണൻ, ഏരിയ സെക്രട്ടറി കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. വടക്കഞ്ചേരി – മണ്ണുത്തി നിർമ്മാണം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും യാത്രാ ദുരിതം തുടരുകയാണ്.
ദേശീയപാതയുടെയും കുതിരാനിൽ നിർമ്മിക്കുന്ന ഇരട്ടക്കുഴൽ തുരങ്കത്തിന്റെയും നിർമ്മാണം നിലച്ചിട്ട് ഒന്നരവർഷം പിന്നിട്ട് കഴിഞ്ഞു. ദേശീയപാത കരാറെടുത്തിരിക്കുന്ന കെഎംസി കന്പനിയും, ദേശീയപാതാ അഥോറിറ്റിയും തമ്മിലുള്ള ഒത്തുകളിയാണ് നിർമ്മാണം നിലയ്ക്കാൻ കാരണമെന്ന് സമരക്കാർ ആരോപിച്ചു. കരാർ കന്പനി മൂന്ന് തവണ കരാർ ലംഘനം നടത്തിയിട്ടും കന്പനിക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരോ, ദേശീയപാതാ അഥോറിറ്റിയോ തയ്യാറാവുന്നില്ല.
ദേശീയപാതയിൽ രൂപം കൊണ്ടിട്ടുള്ള വൻകുഴികൾ ഇപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുയാണ്. കുതിരാനിലെ റോഡ് തകർച്ചയെ തുടർന്ന് ഗതാഗതക്കുരുക്ക് പതിവായി. പതിനായിരകണക്കിന് യാത്രക്കാരാണ് ഇതുമൂലം പെരുവഴിയിലാകുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം സമരവുമായി രംഗത്ത് വരുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കാനാണ് സിപിഎം തീരുമാനം.