കിഴക്കമ്പലം: പട്ടിമറ്റം-നെല്ലാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം നടത്താനുള്ള തീരുമാനം പ്രകടനത്തിൽ ഒതുക്കാൻ ശ്രമിച്ചതിൽ ജനപ്രതിനിധികൾക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം സി.കെ. അയ്യപ്പൻകുട്ടി എന്നിവർക്കുനേരേയാണ് നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിച്ചത്.
പഞ്ചായത്ത് ഗ്രാമസഭയിൽ പാസാക്കിയ പ്രമേയമനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെ 10ന് റോഡ് ഉപരോധസമരത്തിനായി എത്തിച്ചേരാനാണ് നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതെന്നു പയുന്നു. പിപി റോഡിലെ തെക്കേക്കവലയിൽ ആളുകൾ ഉപരോധത്തിനായി സംഘടിക്കുകയും ചെയ്തു.
എന്നാൽ ഉപരോധത്തിനു പകരം റോഡിൽ പ്രതിഷേധ പ്രകടനം നടത്താൻ ബന്ധപ്പെട്ടവർ ശ്രമിച്ചതോടെ നാട്ടുകാർ പ്രകോപിതരായി. സ്ഥലം എംഎൽഎ വി.പി. സജീന്ദ്രനെതിരേയും ആളുകൾ വിമർശനമുന്നയിച്ചു. പ്രതിഷേധം ശക്തമായതോടെ ഉപരോധമാവാമെന്ന നിലപാടിൽ അധികൃതർ എത്തിച്ചേർന്നു.
തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. മാര്‍ച്ച് മാസത്തിനു മുമ്പേ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മനക്കേകടവ്-കിഴക്കമ്പലം-പട്ടിമറ്റം-നെല്ലാട് റോഡുകളുടെ ബിഎംബിസി ടാറിംഗ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്.
പിപി റോഡിന് ഇരുവശവും താമസിക്കുന്ന സ്ത്രീകളും കുട്ടികളും വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരും പങ്കെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി റോഡിന്റെ ഇരുവശവും താമസിക്കുന്നവര്‍ പൊടി തിന്നുകയാണെന്നും പല വീടുകളിലും പൊടി അടിക്കാതിരിക്കാന്‍ മുന്‍ ഭാഗങ്ങല്‍ ടര്‍പ്പായ വലിച്ചുകെട്ടിയിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
റോഡിലെ വലിയ കുഴി അടയ്ക്കാനും മറ്റും കൊണ്ട് വന്നിട്ടിരിക്കുന്ന ക്വാറി മാലിന്യത്തിൽനിന്നും മെറ്റലില്നിന്നും റോഡിലേക്ക് പൊടി ഉയരുകയാണ്. റോഡിലൂടെ കാല്‍നടക്കാര്‍ക്കോ ഇരുചക്രവാഹനയാത്രീകര്ക്കോ സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
വാഹനാപകടങ്ങളും പതിവാണ്. ദിവസവും ഒന്നും രണ്ടും ഇരുചക്രവാഹനാപകടങ്ങള്‍ നടക്കുന്നുണ്ടന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ ജനുവരി 26ന് കരാര്‍കാലാവധി കഴിഞ്ഞിരിക്കുകയാണ്. കരാര്‍ കാലാവധി പുതുക്കി നല്‍കുന്നതിന് കിഫ്ബിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് കരാറുകാരന്.
ഇതോടെ റോഡ് നിര്‍മാണം ഇനിയും നീളുമെന്നാണ് സൂചന. ഇത് ജനങ്ങളില്‍ ശക്തമായ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായി കിഫ്ബിയില്‍ നിന്നും 32.64 കോടി അനുവദിച്ചിരുന്നു. റോഡുകളുടെ വീതി വർധിപ്പിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം, കലുങ്ക്, ഡ്രെയിനേജ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കിഴക്കമ്പലം-പുക്കാട്ടുപടി റോഡും, പുക്കാട്ടുപടി-ചെമ്പറക്കി റോഡിനും പെരിങ്ങാല-വടവുകോട് റോഡിനും ഫണ്ട് അനുവദിച്ചിട്ടുണ്ടങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല.