കോട്ടയം: രണ്ടു ദിവസമായിപെയ്യുന്ന വേനൽമഴയിൽ കോട്ടയം നഗരത്തിലെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ബേക്കർ ജംഗ്ഷൻ, സിഎംഎസ് കോളജ് റോഡ്, കുര്യൻ ഉതുപ്പ് റോഡ്, ചന്തക്കവല, കഐസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. റോഡരികിലെ വെള്ളക്കെട്ടിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കാൽനടയാത്രക്കാരാണ്.
വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്പോൾ ചക്രങ്ങളിൽ നിന്നും തെറിക്കുന്ന വെള്ളം കാൽനടയാത്രക്കാരുടെ വസ്ത്രത്തിലേക്ക് വീഴുന്നത് പതിവ് കാഴ്ചയാണ്. വെള്ളക്കെട്ട് ഒഴിവാക്കി റോഡിന്റെ മധ്യഭാഗത്തേക്ക് കയറി നടന്നുപോകുന്ന കാൽനടയാത്രക്കാരെ പിന്നിൽ നിന്നുമെത്തുന്ന വാഹനങ്ങൾ ഇടിക്കാനു സാധ്യതയേറെയാണ്. ആധുനിക രീതിയിൽ റോഡ് നവീകരിച്ചപ്പോൾ ശരിയായ രീതിയിൽ ഓട നിർമിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാനുള്ള കാരണം. പലസ്ഥലങ്ങളിലും ഓട പോലുമില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.