പട്ടിക്കാട്: ആറുവരിപാതയിൽ സർവീസ് റോഡിലെ കുഴികളിൽ വീണ് ആളുകൾ മരിക്കാതിരിക്കാൻ നാട്ടുകാരുടെ മുന്നറിയിപ്പ്. വൻ കുഴികളിൽ വാഴ വച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പട്ടിക്കാട് ആറുവരിപാതയിൽ പീച്ചി റോഡ് ജംഗ്ഷനിൽ അടിപ്പാത പണിയുന്നതിന്റെ സമീപത്തെ റോഡിലാണ് വാഴ വച്ച് പ്രതിഷേധം. മഴയ്ക്കു തൊട്ടുമുന്‍പാണ് ഇവിടെ ടാറിംഗ് നടത്തിയത്. മഴ വന്നതോടെ ടാറിംഗൊക്കെ ഒലിച്ചു പോയി.
മാസങ്ങൾക്കു മുന്‍പു തന്നെ ഇവിടെ കുഴിയായപ്പോൾ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മെറ്റലും മണലും കൊണ്ടിട്ട് കുഴികൾ മൂടിയിരുന്നു. രണ്ടു ദിവത്തിനുള്ളിൽ ഈ മെറ്റലും ഒലിച്ചു പോയി.
വൻ കുഴികൾ രൂപപ്പെട്ടതോടെ രാത്രിയിൽ ഇരുചക്ര വാഹനങ്ങൾ ഇവിടെ വീഴുന്നത് പതിവായിരുന്നു. കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ കുഴിയുണ്ടെന്നറിയാതെ വലിയ വാഹനങ്ങൾ വരെ ഇവിടെ വീണ് കേടുപാടുകൾ സംഭവിച്ചിരുന്നു.
കരാറുകാരോ, ദേശീയപാത അതോറിറ്റിയോ ഇത്തരം കാര്യങ്ങളൊന്നും നോക്കാതെ വാഹന യാത്രക്കാർക്ക് മരണക്കെണിയൊരുക്കിയിരിക്കയാണ്.
റോഡുകൾ ടാറിംഗ് നടത്തുന്പോൾ അതിന്റെ ഗുണനിലവാരം പരിശോധിക്കാനോ നിർമാണം കൃത്യമായാണോ നടത്തുന്നതെന്നോ പരിശോധിക്കാൻ ആരുമില്ല.
ഇതിനാലാണ് ആറുവരി പാതയിലെ റോഡുകളെല്ലാം മഴ പെയ്യുന്നതോടെ കുളങ്ങളായി മാറുന്നത്. വെള്ളം ഒഴുകി പോകാൻ ഒരു സംവിധാനവും ഒരുക്കാതെയാണ് നിർമാണം നടത്തുന്നത്.
ചില ഭാഗത്ത് കാനകൾ പണിതുട്ടെങ്കിലും വെള്ളം മുഴുവൻ കാനയിൽ നിന്ന റോഡിലേക്ക ഒഴുകുന്ന വൈദഗ്ധ്യമാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളം മുഴുവൻ റോഡിൽ തന്നെ തങ്ങി നിൽക്കുകയാണിപ്പോൾ.