പയ്യോളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങളിലെ വ്യാപാരികളോട് ഒരാഴ്ചക്കുള്ളില്‍ കട ഒഴിഞ്ഞ് പോകണമെന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം.പയ്യോളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയത്.
പയ്യോളി മേഖലയിലെ ദേശീയപാത നിര്‍മ്മാണ കരാര്‍ എടുത്ത അദാനി എന്റര്‍പ്രൈസസ് കമ്പനി പ്രതിനിധികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി വ്യാപാരികള്‍ പറഞ്ഞു. പരമാവധി രണ്ടാഴ്ച സമയം അനുവദിക്കുമെന്നും അതിനുള്ളില്‍ ആവശ്യമുള്ള സാധനങ്ങളുമായി ഒഴിഞ്ഞില്ലെങ്കില്‍ കെട്ടിടം പൊളിക്കുമ്പോള്‍ സാധനങ്ങള്‍ നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത് .
നഷ്ടപരിഹാരം നല്കിയ കെട്ടിടങളിലെ വ്യാപാരികളോടാണ് പ്രധാനമായും നിര്‍ദ്ദേശം നല്‍കിയതെങ്കിലും നിയമ കുരുക്കില്‍ പെട്ട് നഷ്ടപരിഹാരം വൈകുന്നവരോട് പണം പിന്നീട് ലഭിക്കുമെന്നും ഇപ്പോള്‍ ഒഴിയണമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ പയ്യോളി ടൗണ്‍ ഉള്‍പ്പെടുന്ന നഗരസഭയിലെ രണ്ട് ഡിവിഷനുകളും കണ്ടേയിന്മെന്റ് സോണില്പ്പെട്ടതിനാല് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കുന്നുള്ളൂ, അതും ഉച്ചക്ക് രണ്ട് മണി വരെ മാത്രം. അത് കൊണ്ട് തന്നെ ബഹുഭൂരിപക്ഷം വ്യാപാരികളും ഒഴിയേണ്ടതിനെ കുറിച്ച് അറിഞ്ഞിട്ടില്ല.
അതേ സമയം കെട്ടിട ഉടമക്ക് നഷ്ടപരിഹാരം ലഭിച്ചെങ്കിലും കെട്ടിടത്തിലെ വ്യാപാരി വെറും കയ്യോടെ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലേത്. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ഇത് വരെ ഒരു വ്യാപാരികള്‍ക്കും ലഭിച്ചിട്ടില്ല.
ഈ തുക എന്ന് ലഭിക്കുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ സാധിക്കുന്നുമില്ല. അത് കൊണ്ട് തന്നെ നഷ്ടപരിഹാരക്കാര്യത്തില്‍ തീരുമാനമാകാതെ ഒഴിഞ്ഞ് കൊടുക്കേണ്ടത്തില്ലെന്ന് വ്യാപാരി സംഘടനകള്‍ നേരത്തെ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ബലമായി ഒഴിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം ചെറുക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
അതേ സമയം വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന നോട്ടീസ് ചില സ്ഥാപനങ്ങളില്‍ അധികൃതര്‍ പതിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനുള്ളില്‍ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് പതിച്ച നോട്ടീസില്‍ അറിയിച്ചിടുള്ളത്.
ം