ഹരിപ്പാട്: ദേശീയപാത വികസനത്തിനായി കാർത്തികപ്പള്ളി താലൂക്കിൽ സ്ഥലമെടുപ്പിൽ അധികാരികൾ വിവേചനം കാട്ടിയതായി ഭൂഉടമകൾ ആക്ഷേപവുമായി രംഗത്ത്. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന കരുവാറ്റ, കുമാരപുരം വില്ലേജുകളിൽപെട്ട സർവേ നമ്പരിലുള്ള പന്ത്രണ്ടിൽ അധികം ഉടമകളാണ് വഞ്ചിതരായത്.
ഇവർക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പിഴവ് പരിഹരിച്ച് അർഹമായ നഷ്ടപരിഹാരം അനുവദിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് വസ്തു ഉടമകൾ കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകി.ഇരു വില്ലേജിലെയും ഡാറ്റാ ബാങ്കിലെ രേഖകളിൽ വസ്തു പുരയിടമായി രേഖപെടുത്തിയിട്ടുള്ളത്.
എന്നാൽ സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ ഈ വസ്തുക്കൾ നിലമായി പരിഗണിച്ച് നഷ്ടപരിഹാര തുക കുറക്കുകയാണ് ചെയ്തത്. നിലം പുരയിടമാറ്റി മാറ്റാൻ വസ്തു ഉടമകൾ ആർഡിഒ ഓഫീസിലും സ്ഥലമെടുപ്പ് ചുമതലയുള്ള കാർത്തികപ്പള്ളി താലൂക്കിലെ ഓഫീസുകളിൽ പലതവണ കയറിയെങ്കിലും ഉടമകളുടെ ആവശ്യം പരിഗണിച്ചില്ല.
എന്നാൽ പരാതിയുമായി എത്തിയ ഭൂഉടമകളോട് ഉദ്യോഗസ്ഥർ നിങ്ങൾ പരാതി നൽകേണ്ട ആവശ്യമില്ലെന്നും സ്ഥലം നോക്കാൻ വരുമ്പോൾ പുരയിടമാണെങ്കിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള വില നൽകാമെന്നും പറഞ്ഞ് മടക്കി അയച്ചു. സ്ഥലമെടുപ്പ് പൂർത്തികരിച്ച നഷ്ടപരിഹാര തുകയുടെ വിവരം അന്വേഷിച്ച് എത്തിയ വസ്തു ഉടമകൾക്ക് നിലത്തിന്റെ വിലമാത്രമാണ് അനുവദിച്ചത്.
ഓരോ വസ്തു ഉടമകൾക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കൽ ഉദ്യോഗസ്ഥർ നിലം എന്ന് രേഖപെടുത്തിയ വസ്തുവിൽ കടമുറിയും വൈദ്യുതകണക്ഷൻ 30ൽ അധികം വര്ഷംപഴക്കം ഉള്ള വിവിധയിനം മരങ്ങൾ ഉള്ളവസ്തുവിന് വിലകുറച്ച് കാണിച്ചതെന്ന് ഉടമകൾ ആരോപിച്ചു.
താലൂക്കിൽ തണ്ണീർ തടമായി കിടന്ന വസ്തുക്കൾക്ക് പുരയിടത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി കൂടിയ വിലനൽകിയതായും ആരോപണം ഉണ്ട്. താലൂക്കിലെ തെക്കൻ മേഖലയിൽ നിലവും പുരയിടവുമായി രേഖപെടുത്തിയ വസ്തുക്കൾക്ക് പുരയിടത്തിന്റെ വിലയുടെ 80ശതമാനം നിലത്തിനും നൽകിയിട്ടുണ്ട്.
എന്നാൽ കരുവാറ്റ മുതൽ ഹരിപ്പാട് വരെയുള്ള ഭാഗത്താണ് വിവേചനം കട്ടിയത്. ജില്ലയിൽ ആദ്യഘട്ടത്തിൽ ഏറ്റെടുത്തവസ്തുവിന്റെ നഷ്ടപരിഹാരമായി ഉടമകൾക്ക് വിതരണം ചെയ്യാൻ 618കോടി രൂപ ദേശീയപാത അഥോറിറ്റി സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുള്ളത്.