മണ്ണാർക്കാട്: നാട്ടുകൽ മുതൽ പാലക്കാട് താണാവുവരെയുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായി ആര്യന്പാവുവരെയുള്ള വൻമരങ്ങൾ മുറിച്ചുനീക്കി. മരങ്ങൾ മുറിക്കുന്നതിനെച്ചൊല്ലി ദേശീയപാത വിഭാഗവും വനംവകുപ്പും തമ്മിൽ ചെറിയ തർക്കങ്ങളുണ്ടായെങ്കിലും എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
റോഡിനാവശ്യമായ വീതിയുണ്ടാക്കാൻ അരികിലെ മുന്നൂറോളം മരങ്ങളാണ് മുറിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് റോഡുനിർമാണം നടത്തുന്നത്.ദേശീയപാതയിൽ ഏറ്റവും തിരക്കുള്ള മണ്ണാർക്കാട് ടൗണിലായിരിക്കും ആദ്യനിർമാണപ്രവർത്തനം തുടങ്ങുക.
തുടർന്ന് നാട്ടുകൽ മുതലുള്ള റോഡുവികസനവും തുടരും.കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയാണിത്.കുമരംപുത്തൂർ മുതൽ നാട്ടുകൽ വരെയുള്ള ഭാഗങ്ങളിൽ ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.