ആലപ്പുഴ: ചെളിയും മണ്ണും വാരി ആഴം കൂട്ടിക്കൊണ്ടുള്ള കനാൽ നവീകരണം തകൃതിയായി നടക്കുന്പോൾ സമീപത്തെ റോഡുകൾ ഇടിയുന്നതിനും വേഗം കൂടുന്നു.
യന്ത്രങ്ങൾ ഉപയോഗിച്ച് ചെളിയും മണ്ണും വ്യാപകമായി നീക്കുന്നതാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡുകൾ ഇടിയാൻ കാരണമെന്നാണ് ആക്ഷേപം. ചുങ്കത്തും വഴിച്ചേരിയിലും നിലവിൽ റോഡുകൾ ഇടിഞ്ഞുകഴിഞ്ഞു. ഇവിടെ പൊതുമരാമത്ത് വകുപ്പു തന്നെ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചുകഴിഞ്ഞു.
ധനമന്ത്രി തോമസ് ഐസക് മുൻകൈ എടുത്ത് ഇറിഗേഷൻ വകുപ്പ് നടത്തുന്ന പദ്ധതിയാണ് കനാൽ നവീകരണം. 39 കോടി രൂപ ചെലവിലാണ് നവീകരണം നടത്തുന്നത്. കാലങ്ങളായി നടക്കുന്ന പ്രക്രിയയെന്നുള്ള ആക്ഷേപം നിലനിൽക്കെ തന്നെയാണ് അശാസ്ത്രീയമായ രീതിയിലാണ് നവീകരണം നടത്തുന്നതെന്ന ആരോപണമുയർന്നിരിക്കുന്നത്.
റോഡുകളുടെ വശങ്ങളിൽ കനാലിന്റെ സൈഡിലായി സംരക്ഷണ ഭിത്തിക്കു പകരമായി പൈൽ ചെയ്ത് സ്ലാബുകൾ ഇറക്കി ചെളികോരി നിറച്ച് മണ്ണുമിട്ടാണ് സംരക്ഷണ ഭിത്തിയൊരുക്കുന്നത്. ഇതുതന്നെ അശാസ്ത്രീയമാണെന്നാണ് പ്രദേശവാസികളടക്കം പറയുന്നത്.
നവീകരണത്തിന്റെ ഭാഗമായി പലയിടത്തും നേരത്തെ പോള യന്ത്രസഹായത്തോടെ എടുത്തുമാറ്റിയിരുന്നു. ഒരുവശത്തുനിന്നും മാറ്റി അടുത്തയിടത്ത് എത്തുന്പോൾ ആദ്യഭാഗത്ത് പോള നിറയുന്നുവെന്നതാണ് ഇപ്പോളത്തെ കാഴ്ച. നേരത്തെ പോള കോരിയയിടം മുഴുവനും ഇപ്പോൾ പോള നിറഞ്ഞുകിടക്കുകയുമാണ്.
ഫലത്തിൽ കനാലുകൾ വൃത്തിയാകുന്നില്ലെന്നു മാത്രമല്ല. ചെളി കോരി കോരി റോഡുകൾ ഇടിഞ്ഞുതാഴുകയുമാണ്. നേരത്തേയും പല പാലങ്ങളുടെ അടിവശത്തു നിന്നും ഇതുപോലെ ചെളിയും മണ്ണും കോരിയിരുന്നു.
മഴയും കൂടി ശക്തിയാകുന്നതോടെ കോടികൾ മുടക്കി നവീകരിച്ച റോഡുകൾ പലതും തകരാനിടയുണ്ടെന്നും പല പാലങ്ങൾ പോലും ഇത്തരത്തിൽ തകർച്ചാ ഭീഷണിയിലാണെന്നുമുള്ള ആശങ്കയിലാണ് പൊതുമരാമത്ത് വകുപ്പും.
ഇതിനിടെ കോടികൾ മുടക്കി നിർമിച്ച റോഡ് തകർന്നതിന് കാരണം ഇറിഗേഷൻ വകുപ്പാണെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ബോർഡും എഴുതിയും വച്ചു. ആലപ്പുഴയുടെ ഭൂപ്രകൃതി മനസിലാക്കാതെ കോടികൾ ധൂർത്തടിക്കുകയാണ് ധനമന്ത്രി എന്നാണ് കോണ്ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടി നേതാക്കളുടെ ആരോപണവും.
പരസ്പരം പഴിചാരി സാന്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതിൽ വകുപ്പുകളുടെ ഏകോപനമില്ലായ്മയ്ക്കും മുഖ്യപങ്കുണ്ടെന്നു തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.