നെടുങ്കണ്ടം: റോഡിൽ വരച്ചിരുന്ന ചെഗുവേരയുടെ ചിത്രം പോലീസ് മായിപ്പിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ സിപിഎം പ്രവർത്തകർ ഉപരോധിച്ചു. സംഭവം വിവാദമായതോടെ എസ്ഐയെ സ്ഥലംമാറ്റി പ്രതിഷേധം ഒതുക്കി.
വട്ടപ്പാറ എംഇഎസ് കോളജിനുസമീപം റോഡിൽ കഴിഞ്ഞദിവസമാണ് എസ്എഫ്ഐ പ്രവർത്തകർ ചെഗുവേരയുടെ ചിത്രം വരച്ചത്. രാത്രി വിദ്യാർഥികൾ ചിത്രം വരയ്ക്കുന്നതിനിടെ നൈറ്റ് പട്രോളിംഗിനെത്തിയ നെടുങ്കണ്ടം എസ്ഐ എം.പി. സാഗർ വിദ്യാർഥിസംഘടനാ പ്രതിനിധികളെ വിരട്ടുകയും ചിത്രം മായിപ്പിക്കുകയും ചെയ്തത്രേ.
ചിത്രം വരച്ച വിദ്യാർഥികളോട് ഇന്നലെ രാവിലെ പത്തിന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നും പോലീസ് പറഞ്ഞിരുന്നു. രാവിലെ വിദ്യാർഥികൾ സിപിഎം നേതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ നേതാക്കൾ ചിത്രം മായിപ്പിച്ചത് ചോദ്യംചെയ്തതോടെ എസ്ഐയും സിപിഎം പ്രവർത്തകരും തമ്മിൽ വക്കേറ്റമുണ്ടായി.
തുടർന്ന് സിപിഎം നെടുങ്കണ്ടം ഏരിയാ സെക്രട്ടറി ടി.എം. ജോണിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അരമണിക്കൂറോളം സിപിഎം പ്രവർത്തകർ സ്റ്റേഷനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഉപരോധസമരം തീർപ്പാക്കി. ഇതിനുപിന്നാലെ എസ്ഐ എം.പി. സാഗറിനെ സ്ഥലംമാറ്റുകയും ചെയ്തു. പുതിയ എസ്ഐയായി ശ്യാംകുമാറിനെ നിയമിച്ചു. ചാർജെടുത്ത് ഏഴാംദിവസമാണ് സാഗറിനെ നെടുങ്കണ്ടത്തുനിന്നും മാറ്റിയത്.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ്ഐ എം.പി സാഗർ പറഞ്ഞു. സംസ്ഥാനപാതയിൽ റോഡിൽ ചിത്രങ്ങൾ വരയ്ക്കുന്നത് കുറ്റകരമാണ്. ഇക്കാരണത്താലാണ് ചിത്രം മായ്ക്കാൻ ആവശ്യപ്പെതെന്നും എസ്ഐ പറഞ്ഞു.