ബിജു ഇത്തിത്തറ
കടുത്തുരുത്തി: കഴിഞ്ഞ കുറേ ദിവസങ്ങളായി ഏറ്റുമാനൂർ- തലയോലപ്പറമ്പ് റോഡിലെ കുറുപ്പന്തറ ജംഗ്ഷനു സമീപമുള്ള പുളിന്തറ വളവ് വേറിട്ട സമരവുമായി രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളുമെല്ലാം കയ്യടക്കുകയാണ്. സമരം ചെയ്യുന്നവരുടെയെല്ലാം ആവശ്യം ഒന്നുതന്നെ പുളിന്തറയിലെ വളവ് നിവര്‍ത്തണം.
സ്ഥലമേറ്റെടുപ്പ് വൈകുന്നതാണ് പുളിന്തറ അടക്കം വിവിധ സ്ഥലങ്ങളിലെ വളവുകള്‍ നിവര്‍ത്താനുള്ള പ്രധാന തടസം.
റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് നല്കിയാല് മാത്രമേ പൊതുമരാമത്ത് വകുപ്പിന് റോഡ് വികസനം സാധ്യമാക്കാന്‍ കഴിയൂ. ഇതിലുള്ള കാലതാമസമാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കി വളവുകള്‍ നിവരാതെ പഴയപടിതന്നെ തുടരാന്‍ കാരണം.
ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വളവുകള്‍ നിവർത്തുന്നതിനുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പിന് കാലങ്ങളുടെ പഴക്കമുണ്ട്.
കാണക്കാരി മുതല്‍ തലയോലപ്പറമ്പ് വരെയുള്ള കൊടും വളവുകള്‍ വാഹന യാത്രക്കാര്‍ക്കു പേടി സ്വപ്നമായി മാറിയിട്ട് കാലങ്ങളേറേയായിട്ടും ഇവ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലൊതുങ്ങുകയാണ്.
അപകടങ്ങൾ തുടർക്കഥയായി
പുളിന്തറ വളവിലാണ് അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. ഷാര്‍പായ വളവില്‍ വ്യക്തമായ സൂചനാ ബോര്‍ഡുകൾ ഇല്ലാത്തതിനാല്‍ വളവിലെത്തുമ്പോള്‍ മാത്രമാണ് ഡ്രൈവര്‍മാര്‍ക്ക് ഇത്രയും വലിയ വളവാണെന്ന് തിരിച്ചറിയാനാവുന്നത്.
നമ്പ്യാകുളം, കളത്തൂർ, പുളിന്തറ, കുറുപ്പന്തറ ആറാംമൈൽ, പട്ടാളമുക്ക്, മുട്ടുചിറ, കടുത്തുരുത്തി ഇടക്കര, ആപ്പാഞ്ചിറ, സിലോണ്‍ ജംഗ്ഷൻ, കുറിച്ചി വളവ് തുടങ്ങിയ വളവുകളിലുണ്ടായ വാഹനാപകടങ്ങള്‍ എണ്ണിയാല്‍ തീരില്ല.
എതിരേ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതും അമിതവേഗവുമാണ് പലപ്പോഴും അപകട കാരണമാകുന്നത്. വളവുകളില്‍ അപകടം വര്‍ധിച്ചതോടെ മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്തുവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ പട്ടിത്താനം-കടുത്തുരുത്തി-വൈക്കം റോഡിലെ വളവുകള്‍ നിവര്ക്കുന്നതിനായി പദ്ധതി തയാറാക്കുകയും അനുമതി നല്‍കുകയും ചെയ്തിരുന്നു.
കാണക്കാരി മുതല്‍ തലയോലപ്പറമ്പ് വരെയുള്ള അപകടവളവുകള്‍ നിവര്ക്കുന്നതിനായി അധികൃതര്‍ ആറു വില്ലേജുകളില്‍ സര്‍വേ നടത്തുകയും നടപടികളുമായി മുന്നോട്ടു നീങ്ങുകയും ചെയ്തിരുന്നു.
കാണക്കാരി, കുറുപ്പന്തറ, കോതനല്ലൂർ, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളിലായി റോഡിലെ 35 ഇടങ്ങളിലെ വളവുകള്‍ നിവര്ക്കാന് ഹൈ ലെവല്‍ കമ്മിറ്റിയുടെ അനുമതിയും ലഭിച്ചിരുന്നു.
തുടര്‍ന്ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നതിനിടയില്‍ സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ചു പുതിയ ഉത്തരവു പുറപെടുവിച്ചതോടെയാണ് വളവ് നിവര്ക്കാന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തടസപ്പെട്ടത്.
35 വളവുകള്‍ നിവര്‍ത്തുന്നതിനായി 1.9675 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സമീപകാലത്ത് അപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് വളവ് നിവര്‍ത്തേണ്ടത് അടിയന്തര ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ വിത്യസ്ത രീതിയിലുള്ള സമരങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഉടന്‍ നടപടിയുണ്ടാവണം
പുളിന്തറ വളവ് നിവര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വികസന ആവശ്യങ്ങള്‍ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണം.
ഇതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ.രാജൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി ചര്‍ച്ച നടത്തി.
എംഎല്‍എ എന്ന നിലയില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.രാജന് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നടപടി വേഗത്തിലാക്കാന്‍ എല്ലാവിധ ഇടപെടലും നടത്തുമെന്നും എംഎല്‍എ പറഞ്ഞു.