ചങ്ങനാശേരി: കോവിഡ് രൂക്ഷമായതോടെ അധിക നയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുള്ള റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.
ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസ് പരിധിയിൽ നഗരസഭ ഉൾപ്പെടെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലാണ് അധിക നിയന്ത്രണം കൊണ്ടുവരുന്നത്. തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാകത്താനം, കറുകച്ചാൽ, വാഴപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാർഡുകളിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നതിന് യാത്രക്ക് അധിക നിയന്ത്രണം ഉണ്ടാകും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കു. വാർഡ് പരിധിയിൽ നിന്ന് പുറത്തിറക്കാനും പ്രവേശിക്കാനും ഒരു വഴി മാത്രമേ അനുവദിച്ചിട്ടുള്ളു.
വെച്ചൂരിലും റോഡുകൾ അടച്ചു
വെച്ചൂർ: കോവിഡ് വ്യാപനമേറിയതോടെ വെച്ചൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി റോഡുകൾ അടച്ചു.
ചൊവ്വാഴ്ച 40 പേരെ പരിശോധിച്ചപ്പോൾ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അധികൃതർ വെച്ചൂർ പഞ്ചായത്തിന്റെ അതിർത്തികളായ കൈപ്പുഴമുട്ട്, കൊടുതുരുത്ത്, അംബികാമാർക്കറ്റ്, പുത്തൻപാലം എന്നിവടങ്ങൾ അടച്ചത്.
ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവയുടെ പ്രവർത്തനം നിരോധിച്ചു. ഇന്നു പഞ്ചായത്തിലുടനീളം അനൗണ്സ്മെന്റ് നടത്തും.
റോഡുകൾ അടയ്ക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നതായി പരാതി
കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്നു പഞ്ചായത്തുകളിലെ റോഡുകൾ പൂർണമായും അടയ്ക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി.
ടെസ്റ്റ് പോസിറ്റിവിറ്റി കൂടുവെന്ന് കാരണത്താലാണ് റോഡുകൾ പൂർണമായും അടച്ചു കെട്ടുന്നത്. പാന്പാടി, മീനടം, പള്ളിക്കത്തോട് തുടങ്ങിയ പഞ്ചായത്തുകളിൽ കഴിഞ്ഞദിവസം രാത്രിയിൽ ജാഗ്രതാ നിർദേശം മൈക്ക് അനൗണ്സ്മെന്റ് വഴി നടത്തിയിരുന്നു.
മീനടം പഞ്ചായത്തിൽ ചൊവാഴ്ച 11 പേർക്കും ഇന്നലെ രണ്ടു പേർക്കുമാണു രോഗം ബാധിച്ചത്. പാന്പാടിയിൽ ഇന്നലെ 17 പേർക്കും പള്ളിക്കത്തോട്ടിൽ ഒന്പതു പേർക്കുമാണു രോഗം ബാധിച്ചത്.
രോഗം കുറവുള്ള ഈ പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയതാണ് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിച്ചത്.
മീനടം പഞ്ചായത്തിലെ 13 വാർഡുകൾ അടയ്ക്കുന്നതായുള്ള സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. ഇത് ഗ്രാമവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കി.
ഇന്നലെ കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള പ്രചാരണം നടക്കുകയുണ്ടായി. ഏതൊക്കെ വാർഡുകൾ സംബന്ധിച്ചും വാർഡിലുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതു സംബന്ധിച്ചും വ്യക്തതവരുത്താതെയുള്ള പ്രചാരണം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതേസമയം പോലീസ് നിർദേശത്തെത്തുടർന്നാണു റോഡുകൾ അടയ്ക്കുന്നതെന്ന് പഞ്ചായത്തുപ്രതിനിധികൾ പറയുന്നത്.
പരിശോധിക്കുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിലും പരിശോധിച്ച മുഴുവൻ ആളുകൾക്കും കോവിഡ് രോഗം സ്ഥിരീകരിച്ചാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടും.
ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് മൈക്ക് അനൗണ്സ്മെന്റ് നടത്തി വാർഡുകൾ അടയ്ക്കുന്നത്. പല പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുത്താണു പോലീസും പഞ്ചായത്ത് അധികൃതരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ മാത്രം ആശ്രയിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.