കടുത്തുരുത്തി: മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ സിപിഐ പെരുവ ബ്രാഞ്ച് കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെങ്ങും വാഴയും നട്ടു പ്രതിഷേധിച്ചു. പെരുവ-പിറവം റോഡിൽ പെരുവ ഗവണ്മെന്റ് ബോയിസ് ഹൈസ്കൂളിന് മുൻവശമുള്ള റോഡാണ് മാസങ്ങളായി തകർന്നു കിടക്കുന്നത്.
പിറവത്തു നിന്ന് പെരുവയിലെ മറ്റപ്പിള്ളിക്കുന്നിലെ വാട്ടർ അതോറിറ്റിയുടെ ടാങ്കിലേക്ക് പോകുന്ന പ്രധാന പൈപ്പ് പൊട്ടിയതാണ് റോഡ് തകരാനിടയാക്കിയത്. തകർന്ന റോഡിൽ ഇരുചക്രവാഹനയാത്രക്കാർ വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വേഗത്തിൽ എത്തുന്ന വാഹനങ്ങൾ കുഴിയുടെ അടുതെത്തുന്പോൾ വെട്ടിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.
റോഡ് നന്നാക്കി സഞ്ചാര യോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഐ മണ്ഡലം സെക്രട്ടറി ടി.എം. സദൻ, ബ്രാഞ്ച് സെക്രട്ടറി ജോണ് പരിയാരം, ടി.എം. സാലി, സുകുമാരൻ, സനൽ മുകളേൽ എന്നിവർ പ്രതിക്ഷേധസമരത്തിന് നേതൃത്വം നൽകി.