ബദിയഡുക്ക: സര്‍ക്കാര്‍ വകുപ്പുകളില്‍ ഏകോപനമില്ലാത്തതു വികസനത്തിന് വെല്ലുവിളിയാകുന്നു. വര്‍ഷങ്ങളായി തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കാന്‍ പ്രവൃത്തി ആരംഭിച്ച് ഏതാണ്ട് പകുതിഭാഗം പൂര്‍ത്തിയായപ്പോഴാണ് റോഡില്‍ കുഴിയെടുത്തു പൈപ്പിടാന്‍ നീക്കവുമായി ജല അഥോറിറ്റി രംഗത്തുവന്നത്.
വര്‍ഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയിലെ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡില്‍ കാടമന മുതല്‍ ബദിയഡുക്ക വരെ ഏതാണ്ട് പകുതിഭാഗം പൂര്‍ത്തിയായ റോഡിലാണ് വീണ്ടും കുഴിയെടുക്കാന്‍ വാട്ടര്‍ അഥോറിറ്റി നീക്കം ആരംഭിച്ചത്.
ദീര്‍ഘനാളത്തെ മുറവിളിയെ തുടര്‍ന്നു ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെ പ്രാരംഭപ്രവര്‍ത്തനമെന്ന നിലയില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തിക്കുള്ള കോണ്‍ക്രീറ്റിംഗ് അവസാനഘട്ടത്തിലാണ്.
അതേസമയം കാടമന മുതല്‍ ബദിയഡുക്ക വരെയുള്ള റോഡിന്റെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദിവസങ്ങള്‍ക്കകം മെക്കാഡം ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നു പൊതുമരാമത്ത് അധികൃതരുടെ അറിയിപ്പിന് പിന്നാലെയാണ് ജലവിതരണ വകുപ്പ് കെടഞ്ചിയില്‍ പൈപ്പുകള്‍ ഇറക്കിയത്.
മെക്കാഡം ടാറിംഗ് പ്രവൃത്തി കഴിയുന്നതിന് പിന്നാലെ തലംപാടി ശുദ്ധജല വിതരണപദ്ധതിയുടെ പൊട്ടിപ്പൊളിഞ്ഞ പൈപ്പുകള്‍ നീക്കംചെയ്തു പുതിയത് സ്ഥാപിക്കാനുള്ള നീക്കമാണ് ആരംഭിച്ചിട്ടുള്ളത്.
ഇതുമൂലം ഭാരിച്ച തുക ചെലവഴിച്ചു ചെയ്യുന്ന മെക്കാഡം ടാറിംഗ് വീണ്ടും കിളച്ചുമാറ്റേണ്ടിവരുമെന്നു ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ റോഡിലല്ല പാതയോരത്തെ ഓവുചാലിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നതെന്നാണ് വാട്ടര്‍ അഥോറിറ്റിയുടെ വിശദീകരണം.
എന്നിരിക്കേ മെക്കാഡം റോഡ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ശുദ്ധജല വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നത് റോഡിന് ഭീഷണിയാണെന്നാണ് നാട്ടുകാരുടെ വാദം.
വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തത് ഈ പദ്ധതിക്ക് മാത്രമല്ല പല വികസന പദ്ധതികള്‍ക്കും തടസമുണ്ടാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.