കാഞ്ഞിരമറ്റം: തകർന്നു കിടക്കുന്ന ചാലയ്ക്കപ്പാറ-കോട്ടയിൽ റോഡിൽ യാത്ര ദുഷ്ക്കരമാകുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ ടാറിംഗിനുള്ള യാതൊരു നടപടികളും പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
റോഡിനായി അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും ഏഴര ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടും അനുവദിച്ചിട്ട് ഒരു വർഷമായെങ്കിലും പഞ്ചായത്തംഗത്തിന്റെ അനാസ്ഥയാണെന്ന് സിപിഎം ചാലക്കപ്പാറ വെസ്റ്റ് ബ്രാഞ്ച് ആരോപിക്കുന്നു.
എന്നാൽ പതിനാലാം വാർഡിനോടുള്ള പഞ്ചായത്തിന്റെ അവഗണനയും പഞ്ചായത്തംഗത്തെ ഒറ്റപ്പെടുത്തുകയുമാണെന്നാണ് കോൺഗ്രസ് പതിനാലാം വാർഡ് കമ്മറ്റിയുടെ പ്രത്യാരോപണം.
റോഡിന്റെ ആരംഭത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആരോപണ ബോർഡുകൾ നിരന്നു കഴിഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരുന്നതല്ലാതെ റോഡിന്റെ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ തൊഴിലുറപ്പു പ്രവർത്തകർ റോഡിന്റെ വശങ്ങളിലെ കാടുവെട്ടുകയും കുഴികൾ മണ്ണിട്ടു നികത്തുകയും ചെയ്തെങ്കിലും മഴയിൽ വെള്ളം ശക്തമായൊഴുകുന്നതിനാൽ ഫലമുണ്ടാകുന്നില്ല.
പ്രധാന റോഡിൽനിന്നു താഴ്ന്നു കിടക്കുന്നതിനാൽ ഉയർത്തി ടാറിംഗ് നടത്തി വെള്ളെമൊഴുകുന്നതിനുള്ള കാനയും നിർമിച്ചാൽ മാത്രമേ ശാശ്വത പരിഹാരമാവുകയുള്ളൂ.