കൂത്തുപറമ്പ്: അപകടാവസ്ഥയിലായ റോഡിന് സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തി വനം വകുപ്പും പൊതു മരാമത്ത് വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിർത്തിവെച്ചു.കണ്ണവത്തിനടുത്ത് എടയാറിലാണ് സംഭവം. വനം വകുപ്പിന്റെ ഭൂമി കൈയേറി പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി നടത്തിയെന്നാരോപിച്ചാണ് വനംവകുപ്പ് പ്രവൃത്തി നിർത്തിവെപ്പിച്ചത്.
കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി ഉണ്ടായ പ്രളയത്തിലാണ് തലശേരി – ബാവലി പാതയിലെ എടയാറിൽ റോഡ് അപകടാവസ്ഥയിലായത്.റോഡിന്റെ അരിക് ഇടിഞ്ഞ് പുഴയിലേക്ക് പതിക്കുകയും റോഡിൽ വിള്ളൽ വീഴുകയുമായിരുന്നു. റോഡ് കൂടുതൽ തകരുന്നത് ഒഴിവാക്കാനായിരുന്നു സംരക്ഷണഭിത്തി കെട്ടുന്ന പദ്ധതി പൊതുമരാമത്ത് വകുപ്പ് തയാറാക്കിയത്.
ദിവസങ്ങൾക്കു മുമ്പ് പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.മൂന്ന് ദിവസം പ്രവൃത്തി നടത്തിയ ശേഷം മറ്റു ചില കാരണങ്ങളാൽ പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പ്രവൃത്തി പുനഃരാരംഭിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം കണ്ണവം റെയ്ഞ്ച് വനം വകുപ്പ് അധികൃതർ എത്തി പ്രവൃത്തി നിർത്തിവെപ്പിച്ചത്.
അരിക് ഭിത്തി കെട്ടുന്ന ഭാഗത്ത് വനം വകുപ്പിന്റെ ഭൂമിയാണെന്നും തങ്ങളുടെ അനുമതി വാങ്ങാതെ പൊതുമരാമത്ത് വകുപ്പ് സ്ഥലം കൈയേറി പ്രവൃത്തി നടത്തിയെന്ന് ആരോപിച്ചുമായിരുന്നു വനം വകുപ്പിന്റെ നടപടി.എന്നാൽ ഈ ഭാഗത്ത് വനം വകുപ്പിന്റെ ഭൂമി ഉള്ളത് അറിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് അനുമതി വാങ്ങാതിരുന്നതെന്നുമാണ് ഇതുസംബന്ധിച്ച് പിഡബ്ല്യുഡി അധികൃതരുടെ വിശദീകരണം.
സ്റ്റോപ്പ് മെമ്മോയോ നോട്ടീസോ നൽകാതെയാണ് വനം വകുപ്പ് അധികൃതർ പ്രവൃത്തി നിർത്തിവെപ്പിച്ചതെന്നും ആക്ഷേപം ഉണ്ട്. അതേസമയം, വനംവകുപ്പിന്റെ ഭൂമി കൈയേറി പ്രവൃത്തി നടത്തിയെന്നാരോപിച്ച് ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരെ നിയമ നടപടിക്കും വനംവകുപ്പധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്.
ഒരു കോടി അമ്പത് ലക്ഷം രൂപയുടെ പ്രവൃത്തിയാണ് രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അനിശ്ചിതത്വത്തിലായിരിക്കുന്നത്.റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിനോടൊപ്പം ഡ്രൈനേജ്, നടപ്പാത, ഇൻറർലോക്ക് പാകൽ, കൈവരി എന്നിവ സ്ഥാപിച്ചും ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങൾ നിർമിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതുതായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി.
ഇരു വകുപ്പുകളുടേയും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നതായാണ് വിവരം.തർക്കം പരിഹരിച്ചില്ലെങ്കിൽ പ്രവൃത്തിക്ക് അനുവദിച്ച ഫണ്ട് പാഴായി പോകുന്നതിനൊപ്പം അടുത്ത കാലവർഷത്തിൽ റോഡ് കൂടുതൽ തകരാനും സാധ്യതയുണ്ട്.