പോത്താനിക്കാട്: കക്കടാശേരി-ചേലച്ചുവട് റോഡിൽ പോത്താനിക്കാട് മുതൽ ഞാറക്കാട് വരെയുള്ള പത്ത് കിലോമീറ്റർ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് അഞ്ച് വർഷത്തിലേറെയായി.
കോടികളുടെ ഫണ്ട് അനുവദിച്ചതായി കാണിച്ച് നിരവധി ഫ്ലക്സ് ബോർസുകൾ ഇടയ്ക്ക് ഇതേ റോഡരികിൽ എല്ലാ വർഷവും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും റോഡിലെ കുഴികളുടെ എണ്ണം കൂടുന്നതല്ലാതെ കുറഞ്ഞു കാണുന്നില്ല.
ബജറ്റിൽ ഫണ്ട് അനുവദിച്ചതായി പലകുറി പ്രഖ്യാപനങ്ങളുണ്ടായിട്ടും റോഡിന് ഇനിയും ശാപമോക്ഷമായിട്ടില്ല.
വല്ലപ്പോഴും ചിലയിടങ്ങളിൽ മാത്രം കുഴി നികത്തൽ പ്രഹസനം നടക്കാറുണ്ടെങ്കിലും ഇന്നുവരേയും പൂർണമായി റോഡ് റീടാറിംഗ് നടത്തുകയോ പൂർണമായി കുഴിയടയ്ക്കുകയോ ചെയ്തിട്ടില്ല.
റോഡിന്റെ ശോച്യായാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും നാട്ടുകാർ ആലോചിക്കുന്നതായാണ് വിവരം.
പോത്താനിക്കാട് മുതൽ ഞാറക്കാട് കൊല്ലംപടി വരെ 10 കിലോമിറ്റർ ഭാഗത്ത് ചെറുതും വലുതുമായിട്ടുള്ള 242ഓളം കുഴികളിലൂടെ സാഹസികമായി വേണം വാഹനം ഓടിക്കാൻ.
കുഴികളിൽ വീണാൽ ഇരുചക്രവാഹനങ്ങളും അംഗപരിമിതരുടെ വാഹനങ്ങളും മറിയാനുള്ള സാധ്യതയേറെയാണ്.
റോഡിലെ ഗട്ടറുകളിൽ നാട്ടുകാർ മണ്ണിട്ടെങ്കിലും വേനൽ കടുത്തതോടെ മണ്ണ് ഇളകി പൊടിശല്യവും കൂടുതലായിട്ടുണ്ട്.
പോത്താനിക്കാടിനും പൈങ്ങോട്ടൂരിനും ഇടയിലുള്ള ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങളും ചെറുകാറുകളും അപകടത്തിൽപ്പെടുന്നത് പതിവാണ്.
ആയങ്കര മൃഗാശുപത്രി ജംഗ്ഷനിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഈ ഭാഗത്ത് കുണ്ടും കുഴിയുമായി തകർന്ന റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. മിക്കവാറും വളവുകളുള്ള ഭാഗങ്ങളിലെ കുഴികളാണ് യാത്രക്കാർക്ക് ഏറെ ഭീഷണിയാകുന്നത്.
കൊച്ചിയിൽനിന്ന് ഇടുക്കി, കുമളി, തേക്കടി ഭാഗത്തേക്കുള്ള വിനോദ സഞ്ചാരികൾ കൂടുതലായും യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്നത് കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡ് തന്നെയാണ്.
കൊച്ചിയിൽനിന്ന് ഇടുക്കിയിലേക്ക് നേര്യമംഗലം വഴി പോകുന്നതിനേക്കാൾ 15 കിലോമീറ്ററിലേറെ ദൂരം ഈ റോഡിലൂടെ പോകുന്പോൾ കുറവുണ്ട്.
തടി ലോറികളും ടിപ്പറുകളുമുൾപ്പടെ നൂറുകണക്കിന് ഭാരവാഹനങ്ങളും നിരവധി സർവീസ് ബസുകളും ഈ റോഡിലൂടെ സാഹസികമായാണ് കടന്നുപോകുന്നത്.
റോഡിന്റെ ശോച്യാവസ്ഥ എത്രയും വേഗം പരിഹരിക്കുന്നതിന് നടപടിയുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.