ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ ലഖൻപുർ ഗ്രാമത്തിലാണ് ആ സംഭവം നടന്നത്.
ഏഴു വയസുള്ള മകളുടെ മൃതദേഹം തോളിലേറ്റി പിതാവ് റോഡിലൂടെ വീട്ടിലേക്ക് നടന്നുപോയ സംഭവം.
പത്തു കിലോമീറ്റർ മകളുടെ മൃതദേഹവും ചുമന്നുകൊണ്ട് ആ പിതാവ് വീട്ടിലെത്തി ചേർന്നു.
റോഡിലൂടെ മൃതദേഹവുമായി കരഞ്ഞുകൊണ്ട് പോകുന്ന പിതാവിന്റെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഇതോടെ പോസ്റ്റ് വൈറലായി. തുടർന്ന് ആരോഗ്യമന്ത്രി ടി.എസ്. സിംഗ് ദിയോ അന്വേഷണത്തിന് ഉത്തരവിട്ടു.
അംദാല ഗ്രാമത്തിൽ താമസിക്കുന്ന ഈശ്വർ ദാസ് ആണ് ആ പിതാവ്. രോഗബാധിതയായ മകൾ സുരേഖയെ രാവിലെ തന്നെ ലഖൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുവന്നിരുന്നു.
പെണ്കുട്ടിയുടെ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവൾക്ക് കടുത്ത പനി ഉണ്ടായിരുന്നു.
ആവശ്യമായ ചികിത്സ ആരംഭിച്ചെങ്കിലും അവളുടെ നില വഷളാവുകയും രാവിലെ 7:30ന് മരിക്കുകയും ചെയ്തു.
മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വരുമെന്ന് ആശുപത്രി അധികൃതർ ഈശ്വർ ദാസിനോട് പറഞ്ഞു.
കുറേ നേരം കാത്തിട്ടും ആംബുലൻസ് കാണാതായതോടെ ഈശ്വർ ദാസ് മകളുടെ മൃതദേഹവും ചുമന്ന് വീട്ടിലേക്ക് പോയി.
രാവിലെ 9:20ന് ആംബുലൻസ് എത്തിയെങ്കിലും അപ്പോഴേക്കും ഈശ്വർ ദാസ് മൃതദേഹവുമായി പോയിരുന്നു.-ആശുപത്രി അധികൃതർ വ്യക്തമാക്കി.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്ന്, വെള്ളിയാഴ്ച ജില്ലാ ആസ്ഥാനമായ അംബികാപൂരിലെത്തിയ ആരോഗ്യമന്ത്രി ടി എസ് സിംഗ് ദിയോ വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസറോട് ആവശ്യപ്പെട്ടു.
ഞാൻ വീഡിയോ കണ്ടു, അത് അസ്വസ്ഥതയുണ്ടാക്കി. വിഷയം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ അത്തരക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കും.
ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ആംബുലൻസ് എത്തുന്നതുവരെ കാത്തിരിക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കണമായിരുന്നു. ഇത്തരം കാര്യങ്ങൾ സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടതായിരുന്നു-മന്ത്രി പറഞ്ഞു.