തിരുവല്ല: കുറ്റൂര്‍ തെങ്ങേലിയില്‍ സ്വകാര്യവസ്തു കൈയേറി മതില് തകര്‍ത്ത് റോഡ് നിര്‍മിക്കുകയും വസ്തു ഉടമയെ വെട്ടിപരിക്കേല്പിക്കുകയും ചെയ്ത സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഏഴാം പ്രതിയാക്കി.
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ കെ.ജി. സഞ്ജുവിനെതിരെയാണ് കേസ്. ഇദ്ദേഹം അടക്കം 30 പേര്‍ക്കെതിരെയാണ് കേസ്.
നാലുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റ് ഇന്നലെ സ്ഥലത്തുണ്ടായിരുന്നിട്ടും അറസ്റ്റ് വൈകിപ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമെന്ന ആക്ഷേപമുയര്‍ന്നു.
വഴി തര്‍ക്കം നിലനിന്നിരുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് പരാതി.
വസ്തു ഉടമ തെങ്ങേലി പുതിരിക്കണ്ടം മലയില്‍ രമണന് (72) സംഭവത്തിനിടെ വെട്ടേറ്റിരുന്നു.
രമണന്റെ വീടിനുമുകളിലേക്ക് പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്ന് പരാതിയില്‍ പറയുന്നു.
ഗര്‍ഭിണിയായ മകളടക്കമുള്ളവര്ക്കു നേരേ ആക്രമണമുണ്ടായെന്നും രമണന് പറഞ്ഞു.
വധശ്രമം, സ്ഫോടകവസ്തു ഉപയോഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.
കുറ്റൂര്‍ തെങ്ങേലി നടുവിലേപറമ്പില്‍ രാജശേഖരന് നായര്‍ (68), ശബരിഗിരി വീട്ടില്‍ ചന്ദ്രന്‍പിള്ള (68), പോത്തളത്ത് തറയില്‍ ഉദയകുമാര്‍ (46), പാലമൂട്ടില്‍ റെജി സ്റ്റീഫന്‍ (52) എന്നിവരാണ് അറസ്റ്റിലായത്.
വീടിനു പിറകിലുള്ള വഴി മൂന്നടി വീതിയില്‍, ആറു കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി 21 വര്‍ഷം മുമ്പ്് കരാര്‍ എഴുതിയതാണ്.
ഈ വഴി വീതി കൂട്ടി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സമീപത്തെ മറ്റ് വസ്തു ഉടമകളെ സഹായിക്കാന്‍ തന്റെ വസ്തു മാത്രം ഏറ്റെടുത്ത് റോഡ് നിര്‍മിക്കുന്നതിനെ രമണന് എതിര്‍ത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. നമ്പര്‍ പ്ലേറ്റ് മറച്ച ജെസിബി ഉപയോഗിച്ച് മതില് തകര്‍ക്കുകയായിരുന്നു.
സ്ഥലത്തേക്കു വന്ന തന്നെ തള്ളിമാറ്റി ഗേറ്റിനുള്ളിലാക്കിയതായും പിന്നില്‍ നിന്നെത്തിയ ഒരാള്‍ കൈയ്ക്കു വെട്ടിയതായും രമണന് പറഞ്ഞു.
ഉടന്‍ തന്നെ പോലീസിനെ വിളിച്ചെങ്കിലും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മാത്രമാണ് എത്തിയത്. ഇവരുടെ സാന്നിധ്യത്തിലാണ്് പിന്നീടുള്ള അക്രമങ്ങള്‍ നടന്നത്.
കൈയ്ക്കു മുറിവേറ്റ രമണന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ രാത്രിയില്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും പറയുന്നു.
സിപിഎം നേതാക്കളുടെ പിന്തുണയിലാണ് അക്രമം അരങ്ങേറിയതെന്നും പരാതിയുണ്ട്.
നടപടിയെടുക്കണം: യുഡിഎഫ്
തെങ്ങേലിയില്‍ കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലും പോലീസിന്റെ സാന്നിധ്യത്തിലും വയോധികന്റെ വീട് ആക്രമിക്കുകയും വെട്ടി പരിക്കേല്പിക്കുകയും ഗര്‍ഭിണിയായ മകളുടെ മേല്‍ സ്ഫോടകവസ്തു എറിഞ്ഞതും അടക്കം നടന്ന സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് യുഡിഎഫ് കുറ്റൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ യുഡിഎഫ് നേതാക്കള്‍ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും
യുഡിഎഫ് മണ്ഡലം ചെയര്മാന് അധ്യക്ഷത വഹിച്ചയോഗത്തില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തമ്പി കുന്നുകണ്ടത്തില്‍, കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജോ ഇലഞ്ഞിമൂട്ടില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെന്മണ്പാല, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്. രാജേഷ്, കുഞ്ഞുമോന് മുളമൂട്ടില്‍, കെ. എസ്. ഏബ്രഹാം, യല്‍ദോ പനച്ചയില്‍, കെ. സി. തോമസ്, കലാധരന്‍, മാത്തുക്കുട്ടി പുതിയാറ, ജോസ് തേക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.