മാവേലിക്കര: അധുനിക നിലവാരത്തിൽ നിർമിക്കുന്ന റോഡുകളുടെ പണി തീരും മുന്പ് പൊളിച്ച് വാട്ടർ അഥോറിട്ടി. 2.2 കോടി രൂപ ചെലവഴിച്ച് ബിഎം-ബിസി രീതിയിൽ നിർമിച്ച ബ്ലോക്ക് ഓഫീസ്-ബുദ്ധജംഗ്ഷൻ-പുളിമൂട് മിനി ബൈപാസ് റോഡാണ് ഇന്നലെ വാട്ടർ അഥോറിറ്റി പൈപ്പ് ലൈനുകളുടെ തകരാർ പരിഹരിക്കാനായി പൊളിച്ചു തുടങ്ങിയത്.
റോഡിലെ കൊറ്റാർകാവ് ശുഭാനന്ദ ആശ്രമത്തിന് സമീപത്താണ് പൈപ്പ് ലൈനിന്റെ തകരാർ പരിഹരിക്കാനായി റോഡ് പൊളിച്ചത്. ടാറിംഗ് ജോലികൾ പൂർത്തീകരിച്ച് സൈൻബോർഡ്, സ്റ്റഡ്, ലൈനിംഗ് എന്നിവ സജീകരിക്കാനുള്ള തയാറെടുപ്പിനിടെയാണ് വാട്ടർ അതോറിറ്റി ഇത്തരത്തിൽ പൊളിക്കലുമായി രംഗത്തെത്തിയത്.
റോഡ് പൊളിച്ചത് പ്രദേശവാസികളുടെ പ്രതിഷേധത്തിനുമിടയാക്കി. കാലഹരണപ്പെട്ട പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് പരിശോധനകൾ നടത്താതെ ഇത്തരത്തിലുള്ള തകരാർ പരിഹരിക്കൽ റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
നഗരത്തിൽ പലയിടങ്ങളിലായി ഇത്തരത്തിൽ പൈപ്പ് ലൈനിന്റെ തകരാർ പരിഹരിക്കുവാനായി വെട്ടിപ്പൊളിച്ച റോഡുകൾ പിന്നീട് പൂർണമായും തകരുകയും രൂപപ്പെട്ട വലിയ കുഴികൾമൂലം നിരവധി അപകടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.