കോഴിക്കോട്: താമരശേരിചുരം വഴി റോഡ് റോളര്‍ പറത്തി പിഡെബ്ല്യുഡി അവാര്‍ഡ് വാങ്ങിയ സുലൈമാനെ പോലും വിറപ്പിച്ച “താരത്തെ ‘ ഇപ്പൊശര്യാക്കാന് ആരെങ്കിലുമുണ്ടോ ?
വെള്ളിത്തിരയില്‍ കുതിരവട്ടം പപ്പു ചെറിയ സ്പാനറുകൊണ്ട് ശരിയാക്കാന്‍ തുനിഞ്ഞ അതേ റോഡ് റോളര്‍ റിപ്പയര്‍ ചെയ്യാനാണ് പുതു തലമുറയിലെ സുലൈമാനെ തേടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതിയിലായിരുന്ന റോഡ്റോളര്‍ കഴിഞ്ഞ ദിവസമാണ് തിരുവണ്ണൂര്‍ സ്വദേശി എൻ.എം. സാലി ഇത് സ്വന്തമാക്കിയത്.
വെള്ളാനകളുടെ നാട് എന്ന സിനിമയിലെ മോഹന്‍ലാലിന്റെ നായക കഥാപാത്രമായ കോണ്ട്രാക്ടര് സിപിയോളം താരപരിവേഷമായിരുന്നു റോഡ് റോളറിനുണ്ടായിരുന്നത്.
ഇതൊന്നുമറിയാതെയാണ് സാലി മലയാളികളുടെ മനസില്‍ ചിരിപരത്തിയ താരത്തെ സ്വന്തമാക്കിയത്. 1987 മോഡല്‍ ജെസോപ് റോഡ് റോളറാണിത്. പിഡബ്ല്യുഡി നിശ്ചയിച്ച 1.80 ലക്ഷത്തില്‍നിന്ന് 10,000 രൂപ അധികം നല്‍കിയാണ് 1.90 ലക്ഷത്തിന് റോഡ് റോളര്‍ ലേലത്തിലെടുത്തത്.
അന്നത്തെ കാലത്ത് ആറ് ലക്ഷം രൂപയായിരുന്നു ഈ റോഡ് റോളറിന് വില. ഇന്ന് ഇത്തരം റോഡ് റോളറിന് വില 15 ലക്ഷത്തോളമുണ്ടെന്ന് സാലി “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ റോഡ്റോളര്‍ ഇപ്പോഴും പിഡെബ്ല്യുഡി ഓഫീസ് പരിസരത്താണ്. ഈ ആഴ്ച ലോറിയില്‍ കയറ്റി ഏതെങ്കിലും വര്‍ക്ക്ഷോപ്പില്‍ എത്തിക്കുമെന്ന് സാലി പറഞ്ഞു.
1988 -ല്‍ വെള്ളാനകളുടെ നാട് പറുത്തിറങ്ങയതോടെയാണ് നിരത്തിലെ താരം മലയാളികളുടെ മനസില്‍ ചിരിപടര്‍ത്താന്‍ തുടങ്ങിയത്. അന്നുമുതല്‍ റോഡ് റോളര്‍ കണ്ടാല്‍ ഏത് മലയാളിയുടേയും മനസില്‍ അറിയാതെ കുതിരവട്ടം പപ്പവും താമരശേരി ചുരവുമെല്ലാം കടന്നെത്തും. പിഡബ്യുഡി കരാറുകാരനായ സാലിയുടെ മനസിലും റോഡ് റോളറുകള്‍ ചിരിപടര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ ഒരിക്കല്‍ പോലും സിനിമയിലെ താരമായ റോഡ് റോളറിനെ കാണാന്‍ സാധിച്ചിരുന്നില്ല. വര്‍ഷങ്ങളായി ഈ റോഡ് റോളര്‍ ഉപയോഗിച്ചിട്ടില്ല. ‘സുലൈമാന്റെ പഴയ സ്പാനര്‍’ കൊണ്ടൊന്നും ശരിയാക്കാന്‍ സാധിക്കില്ലെന്നാണ് സാലി പറയുന്നത്.
എങ്കിലും ചെലോല്‍ത് ശര്യാവുമെന്ന പ്രതീക്ഷ സാലി കൈവിട്ടിട്ടില്ല. റോഡ് റോളര്‍ എങ്ങനെയെങ്കിലും ശരിയാക്കിയെടുത്ത് ഉപയോഗിക്കണം. അതിനായില്ലെങ്കില്‍ പാട്സുകള്‍ അഴിച്ചെടുത്ത് ഉപയോഗപ്പെടുത്തും. വിദേശനിര്‍മിത ഭാഗങ്ങള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
യാദൃച്ഛികമായാണ് സാലി ‘സിനിമാ താര’മായ റോളറിന്റെ ഉടമയാകുന്നത്. കരാറിന്റെ കാര്യവുമായി കളക്ടറേറ്റില്‍ എത്തിയതായിരുന്നു. സിവില്‍ സ്റ്റേഷന് കണ്ടെയ്ന്മെന്റ് സോണിലായതിനാല്‍ കാര്യം നടന്നില്ല. തിരിച്ചു പോവുന്നതിനിടെയാണ് സുഹൃത്തിനെ കണ്ടത്.
സംസാരത്തിനിടയില്‍ തൊട്ടടുത്തുള്ള പിഡബ്ല്യുഡി ഓഫീസിലെ ലേലത്തെക്കുറിച്ച് പറഞ്ഞു. ഒന്നു നോക്കാമെന്ന് കരുതി. ഒടുവില്‍ റോഡ് റോളര്‍ ലേലത്തില്‍ വാങ്ങി. വര്‍ക്ക്ഷോപ്പിലെത്തി റിപ്പയര്‍ ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു സാലി.
അതിനിടെയാണ് ഉദ്യോഗസ്ഥര്‍ ‘താരത്തെ’ പരിചയപ്പെടുത്തിയത്. ഇതോടെ സാലി ശരിക്കും ഞെട്ടി. വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ ഭാര്യ മുംതാസിനും മക്കള്‍ക്കും അത് ഏറെ സന്തോഷമായി.