ചാവശേരി: റോഡരികിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിച്ച് ലോറി ഡ്രൈവർ മാതൃകയാകുന്നു. ചാവശേരി വളോര സ്വദേശി എൻ.മുഹമ്മദാണ് റോഡിന്റെ ഇരുവശങ്ങളിലും തൈനട്ട് വ്യത്യസ്തനാകുന്നത്. തലശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികിലെ നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയത് വേനൽക്കാലത്ത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ദുരിതമായതോടെയാണ് 55 കാരനായ മുഹമ്മദ് രംഗത്ത് വരുന്നത്.
രണ്ടു വർഷം മുമ്പാണ് തൈ നടാൻ തുടങ്ങിയത്. ഡ്രൈവറായ മുഹമ്മദ് കർണാടകത്തിലും മറ്റും ട്രിപ്പ് പോയി വരുന്നതിനിടെയാണ് റോഡരികിൽ വച്ചുപിടിപ്പിക്കാനുള്ള വ്യക്ഷതൈകൾ കൊണ്ടുവരുന്നത്. ചാവശേരി, പത്തൊൻമ്പതാം മൈൽ, വള്ളിത്തോട്, കിളിയന്തറ, കളറോഡ്, നിർമലഗിരി തുടങ്ങിയ സ്ഥലങ്ങളിലായി നൂറിലേറെ തൈകൾ നട്ടു കഴിഞ്ഞു.
വേപ്പ്, ഞാവൽ, പ്ലാവ്, പുളിമരം തുടങ്ങിയ വിവിധ തരം തൈകളാണ് നടുന്നത്. തൈകൾ വച്ചുപിടിപ്പിച്ചതിന് ശേഷം പരിപാലനവും മുഹമ്മദ് നടത്തുന്നുണ്ട്. വേനൽക്കാലത്ത് തൈകൾക്ക് ലഭിക്കുന്നതിന് ഓരോ തൈക്ക് കീഴിലും വെള്ളം നിറച്ച കന്നാസും വയ്ക്കും.
ലോറി ഡ്രൈവറായതിനാൽ കർണാടകത്തിലും മറ്റും ദൂരയാത്ര പോയാൽ തിരിച്ചുവരാൻ ഒരാഴ്ച കഴിയുമെന്നതാണ് വെള്ളം നിറച്ച് വയ്ക്കുന്നതെന്ന് മുഹമ്മദ് പറയുന്നു. തൈ നടുമ്പോൾ ആവശ്യത്തിനു വളവും ചേർത്ത ശേഷം റിംഗ് ഉപയോഗിച്ച് വേലി കെട്ടി സംരക്ഷിക്കും. പുലർച്ചെയാണ് മുഹമ്മദ് തൈകൾ നടുന്നത്. ആരുടെയും സഹായമില്ലാതെ പുലർച്ചെ മൂന്നാടെ വൃക്ഷതൈകളും പണിയായുധങ്ങളുമായെത്തി തൈ വച്ചുപിടിച്ചിച്ച് മടങ്ങും.
ആഴ്ചയിൽ ഒരുദിവസം തൈ വയ്ക്കാനും പരിപാലിക്കാനുമായി ഇറങ്ങും. ഡ്രൈവർ ജോലി ചെയ്യുന്നതിനാൽ തണൽ സ്ഥലം നോക്കി വാഹനം നിർത്തിയിടാൻ ആഗ്രഹിക്കാറുണ്ടായിരുന്നുവെന്നും ഇതിലൂടെ തണൽ ലഭിക്കുന്നതിനാണ് തൈകൾ വച്ചുപിടിപ്പിക്കുന്നതെന്നും മുഹമ്മദ് പറയുന്നു. ചിലയിടങ്ങളിൽ തൈകൾ പിഴതു മാറ്റുന്നതിൽ മുഹമ്മദിന് വിഷമമുണ്ട്.