കോതമംഗലം: ഒന്നര വർഷത്തിലേറെയായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഒട്ടും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ് തട്ടേക്കാട്-കുട്ടമ്പുഴ റോഡ്.
കോതമംഗലം-പെരുമ്പൻകുത്ത് റോഡിന്റെ ഭാഗമായ തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെയുള്ള ഏഴ് കിലോമീറ്റർ റോഡാണ് തകർന്ന് നാമാവശേഷമായി മാറിയിരിക്കുന്നത്. ആദിവാസി മേഖലകളിലേക്കുള്ള പ്രധാന റോറും ഇതു തന്നെയാണ്.
വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വീതി കൂട്ടിയും കലുങ്ക് നിർമാണ പ്രവൃത്തികളും നടന്നെങ്കിലും റോഡ് ടാറിംഗ് മാത്രം നടന്നില്ല.
കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച 20.37 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് കുട്ടമ്പുഴ പഞ്ചായത്തിലേക്കുള്ള ഈ റോഡിന്റെ നിർമാണം ആരംഭിച്ചെങ്കിലും ഒന്നര വർഷത്തെ കാലാവധി അവസാനിച്ചതിനാൽ പണികൾ അനിശ്ചിതമായി നിലച്ചു എന്നാണ് ആക്ഷേപം.
നിർമാണ കാലാവധി ദീർഘിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും കിഫ്ബിയും കരാറുകാരനോ ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് വൈദ്യുതി ബോർഡിന്റെയും ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് വാട്ടർ അഥോറിറ്റിയുടേയും വീതി കൂട്ടിയ ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചുനീക്കുന്നതിന് വനം വകുപ്പിന്റെയും അനുമതി വൈകിയതും റോഡിന്റെ നിർമാണം തടസപ്പെടാൻ കാരണമായി.
നാളിതുവരെ റോഡിന്റെ അലൈൻമെന്റ് ഫിക്സ് ചെയ്യുകയോ റോഡിന്റെ സെന്റർ മാർക്ക് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കരാറുകാരന് പ്രാഥമികമായി നടത്തിയ നിർമാണ ജോലികളുടെ തുകയായ മൂന്ന് കോടിയിലധികം നൽകാത്തതും പണികൾ നിലയ്ക്കാൻ കാരണമായതായി ആരോപണമുണ്ട്.
25000ലധികം ജനങ്ങൾ അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ മുപ്പത് ശതമാനത്തിലധികം ആളുകളും ആദിവാസികളാണ്. പതിനഞ്ച് ആദിവാസി കോളനികളിൽ നിന്നുൾപ്പെടെയുള്ള പ്രദേശവാസികൾക്ക് ഈ റോഡിലൂടെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു രോഗിയെ പോലും കൊണ്ടുപോകാൻ കഴിയാത്ത ദുരവസ്ഥയാണുള്ളത്.
റോഡിന്റെ സ്ഥിതി ഇനിയും മോശമായാൽ ഇവിടുള്ളവർക്ക് കുട്ടമ്പുഴ, ഉരുളൻ തണ്ണി, മാമലക്കണ്ടം, നേര്യമംഗലം വഴി ഏഴിന് പകരം എഴുപത് കിലോമീറ്ററിലധികം സഞ്ചരിച്ച് പുറം ലോകത്തെ ത്തേണ്ടതായി വരും. ജനപ്രതിനിധികളുടെ ഇടപെടൽ വേണ്ടവിധം ഉണ്ടാകാത്തതിലും നാട്ടുകാർ അമർഷത്തിലാണ്.
കുട്ടമ്പുഴ നിവാസികളുടെ ഏക യാത്രാമാർഗമായ ഈറോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് കുട്ടമ്പുഴ നിവാസികളുടെ ആവശ്യം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് ജനസംരക്ഷണ സമിതിയും നാട്ടുകാരും മുന്നറിയിപ്പു നൽകി.