മൂവാറ്റുപുഴ: നഗരത്തിലെ റോഡിലെ സ്പീഡ് ബ്രേക്കർ അപകടകെണിയാകുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴ വണ്‍വേയിൽ അശാസ്ത്രീയമായി സ്പീഡ് ബ്രേക്കർ സ്ഥാപിച്ചതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
രണ്ട് സ്പീഡ് ബ്രേക്കറുകൾ റോഡിനു കുറുകെ ചേർത്തു വയ്ക്കേണ്ടതിന്നു പകരം ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാനെന്ന പേരിൽ ഇടയ്ക്ക് സ്ഥലം ഇട്ട് രണ്ടായാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതു മൂലം ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും ഇതിലെ യാതൊരു നിയന്ത്രണവുമില്ലതെ കടന്നു പോകുന്നതാണ് അപകടത്തിനിടയാക്കുന്നത്.
കോതമംഗലം ഭാഗത്തുനിന്നും നഗരത്തിലേക്കെത്തുന്ന എല്ലാ വാഹനങ്ങളും വണ്‍വേയിലൂടെ തിരിഞ്ഞ് റോട്ടറി റോഡ്, എവറസ്റ്റ് ജംഗ്ഷൻ വഴിയാണ് നേരത്തെ പോയിരുന്നത്.
എന്നാൽ ഇടക്കാലത്ത് ചെറിയ വാഹനങ്ങൾ, വണ്‍വേ ജംഗ്ഷനിൽനിന്നും തിരിയാതെ നേരെ കീച്ചേരിപടിയിലെത്തി കടന്നു പോകുന്ന തരത്തിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായാണ് സ്പീഡ് ബ്രേക്കറിന് സ്ഥാനചലനം സംഭവിച്ചത്.
ചില തൽപരകക്ഷികൾ വരുത്തിയ മാറ്റം അധികൃതരും അംഗീകരിച്ചതോടെയാണ് പ്രദേശം അപകടമേഖലയായി മാറിയിരിക്കുന്നത്. ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജംഗ്ഷനിൽ സംഭവിക്കുന്നത്.
കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ദന്പതികൾ മരിച്ചിരുന്നു. അധികൃതർ ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇന്നിയും ഇവിടെ അപകടങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.