വടക്കഞ്ചേരി: കഴിഞ്ഞ മാസം തുറന്നു കൊടുത്ത ദേശീയപാതയിലെ വടക്കഞ്ചേരി മേൽപ്പാത തകർന്നതിനെ തുടർന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു.
റോയൽ ജംഗ്ഷനിൽ കെഎസ്ആർടിസി ഡിപ്പോ വഴിയിലുള്ള വലിയ അണ്ടർ പാസിനു മുകളിലാണ് പാത തകർന്ന് തിരക്കിട്ട റിപ്പയർ വർക്കുകൾ നടക്കുന്നത്.കഴിഞ്ഞ മാസം ആറിനാണ് മേൽപ്പാത തുറന്നത്.
മേൽപാലത്തിൽ വെളിച്ചമോ ശരിയായ ടാറിംഗ് പോലും നടത്താതെയാണ് പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ആദ്യ ദിവസം തന്നെ ഇവിടെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി രണ്ട് പേർ മരിച്ചു. നിർമ്മാണ അപാകതകളാണ് റോഡിലുടനീളം.
അഞ്ച് വർഷമെടുത്താണ് വടക്കഞ്ചേരിയിലെ മേൽപാത നിർമ്മാണം ഏതാണ്ട് അവസാനഘട്ടത്തിലെത്തിച്ചത്. 2016 ഏപ്രിൽ മാസത്തോടെ തുടങ്ങിയതാണ് ഒന്നര കിലോമീറ്റർ ദൂരം വരുന്ന ഈ സ്ലോപ്പിംഗ് കർവ് മേൽപാത. റോയൽ ജംഗ്ഷനിൽ നിന്ന് തുടങ്ങി തേനിടുക്കിലാണ് മേൽപാത അവസാനിക്കുന്നതെങ്കിലും ഹോട്ടൽ ഡയാനക്ക് സമീപം കുറച്ച് ദൂരം റോഡ് ലെവലാണ്.
പിന്നീട് കോളജ് ഓഫ് അപ്ലൈഡ് ഭാഗത്ത് വീണ്ടും പൊങ്ങിയാണ് ഫ്ളൈഓവർ തേനിടുക്കിൽ അവസാനിക്കുന്നത്.
മേൽ പാത നിർമ്മാണത്തിനിടെ 16 മീറ്റർ ഉയരം വരുന്ന തൂണുകളിലൊന്ന് തകർന്ന് വീണ സംഭവമുണ്ടായി. അന്ന് രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റു. 2016 ഒക്ടോബറിലായിരുന്നു സംഭവം.
രാത്രിയാണ് തൂണ് തകർന്നത്. ആളുകൾ കൂടുംമുന്പെ തൂണ് പൂർണ്ണമായും പൊളിച്ച് നീക്കി.ഇത്തരത്തിൽ മേൽപാത നിർമ്മാണത്തിലും ജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്.
വിദഗ്ധ സമിതിയുടെ ബല പരിശോധനക്കു ശേഷം മാത്രമെ മേൽപാതയിലൂടെ വാഹനം കടത്തിവിടാവു എന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അതുണ്ടായില്ല.