കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്ന കേബിള്‍ കാര്‍ പദ്ധതി വരുന്നു.അടിവാരം മുതല്‍ വയനാട് ലക്കിടി വരെ നീളുന്ന റോപ്വേ പദ്ധതിക്ക് താല്പ്പര്യമെടുത്തിട്ടുള്ളത് വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സാണ്. 70 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.ദാമോദര്‍ റോപ് വേ ഇന്‍ഫ്രാ ലിമിറ്റഡ് എന്ന കൊല്‍ക്കത്ത കമ്പനിക്കായിരിക്കും പദ്ധതിയുടെ നിര്‍മ്മാണ ചുമതല.
വയനാട് ചുരം യാത്ര 20 മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതാണ് കേബിള്‍ കാറിന്റെ സവിശേഷത. ഇതോടെ യാത്രാ ദൂരം 3.6 കിലാമീറ്ററായി ചുരുങ്ങും. ഒരേ സമയം ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന കാബിനുകളാണ് കേബിള്‍ കാറില്‍ ഒരുക്കുന്നത്.
45 മുതല്‍ 50 വരെ കാബിനുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. മണിക്കൂറില്‍ 400 പേര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ചുരത്തിനു മുകളില്‍ ലക്കിടിയിലും താഴെ അടിവാരത്തും റോപ് വേയില്‍ കയറുന്നിടത്തും ഇറങ്ങുന്നിടത്തും പാര്‍ക്കിങിന് ഒരേക്കര്‍ സ്ഥലമെങ്കിലും വേണം.
ലക്കിടിയില്‍ ഓറിയന്റല്‍ കോളജിനുസമീപം സ്വകാര്യ റിസോര്‍ട്ട് സിഎംഡി. എന്‍ .കെ. മുഹമ്മദ് സ്ഥലം സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. താഴെ അടിവാരത്ത് ഇതിനുള്ള സ്ഥലം ലഭ്യമായെങ്കിലും സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. പദ്ധതി നടപ്പലാക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വയനാടിന്റഎ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന പദ്ധതി സംബന്ധിച്ച് ജില്ലാ കളക്ടര്‍ യു.വി ജോസിന്റ അധ്യക്ഷതയില്‍ കളക്ട്രേറ്റ് ചേംബറില്‍ യോഗം ചേര്‍ന്നു.ജൂണ്‍ ആദ്യവാരം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.