തിരുവല്ല: ഐഒബി തുകലശേരി ശാഖയില്‍ ക്രിസ്മസ് രാത്രിയില്‍ നടന്ന 27 ലക്ഷത്തിന്റെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാല് ദിവസം പിന്നിടുമ്പോഴും പ്രാഥമിക നിഗമനത്തില്‍ എത്താന്‍ പോലും പോലീസിന് കഴിയുന്നില്ല. സിഐ വിദ്യാധരന്റെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞുളള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ബാങ്കിലെ സിസി കാമറകളും ഹാര്‍ഡ് ഡിസ്ക്കുകളും കൊള്ള സംഘം കവര്‍ന്നതിനാല്‍ തുടക്കത്തില്‍ തന്നെ പോലീസിന് വ്യക്തമായ ദിശാബോധം ലഭ്യമായിരുന്നില്ല. ബാങ്കിന്റെ സമീപ പ്രദേശങ്ങളിലും സിസി കാമറകള്‍ ഉണ്ടായിരുന്നില്ല.
നിലവില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവുള്ള പ്രദേശത്തെ സിസി ടിവികളുടെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് കഴിഞ്ഞു. എങ്കിലും വ്യക്തമായ തെളിവുകള്‍ ഒന്നും ഇതില്‍ നിന്നും ലഭിച്ചിട്ടില്ല. ക്രിസ്മസ് തലേന്ന് രാത്രി പ്രാര്‍ഥനിയില്‍ പങ്കെടുക്കാന്‍ പള്ളിയിലേക്ക് പോയ ടോണി എന്ന യുവാവ് ബാങ്കിന്റെ പരിസരത്ത് മുഖംമൂടി ധരിച്ച രണ്ട് പേരെ കണ്ടിരുന്നതായും അവര്‍ ഹിന്ദി സംസാരിച്ചിരുന്നതായും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖാചിത്രം അടക്കം തയാറാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
എന്നാല്‍ ഹിന്ദിയിലുളള സംസാരം അന്വേഷണം വഴിതിരിച്ച് വിടുന്നതിന്റെ ഭാഗമായി പ്രഫണല്‍ മോഷണസംഘം ഉപയോഗിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. കാസര്‍കോഡ് നടന്ന ബാങ്ക് കവര്‍ച്ചയുമായി കേസിനുളള സമാനതയും പോലീസ് കാര്യമായി എടുത്തിട്ടുണ്ട്. എന്നാല്‍ കവര്‍ച്ച സംബന്ധിച്ച കാര്യമായ കൂടുതല്‍ തെളിവുകള്‍ ഒന്നും തന്നെ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ വിവിധ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലായി നൂറോളം പേരെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്്.
എന്നാല്‍ സാങ്കേതിക പരിജ്ഞാനം ലഭിച്ചിട്ടുള്ളവരുടെ സാന്നിധ്യം അടിവരയിടുന്നതും പോലീസിനെ കുഴക്കുന്നുണ്ട്. ബാങ്ക് ലോക്കറിന്റെ പൂട്ട് അറുത്തു മാറ്റിയ രീതി തികച്ചും പ്രഫഷണലാണെന്ന നിഗമനത്തിലാണ് പോലീസ്.